കൊല്ലം: അഷ്ടമുടിക്കായലിൽ മലിനീകരണം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതിന്റെ പേരിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാറിന് പിഴയിട്ടതിനു പിന്നാലെ അഷ്ടമുടിയിൽ ശുചീകരണ യജ്ഞം. ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ പദ്ധതിയുടെ ഭാഗമായി കോർപറേഷന്റെ നേതൃത്വത്തിലാണ് ശുചീകരണം ആരംഭിച്ചത്. കായലിന്റെ ശുചീകരണവും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കലും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി കായലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കരയിലെത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. രണ്ടു വലിയ കേവ് വള്ളങ്ങളിൽ 10 തൊഴിലാളികളെയാണ് ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത്. ആദ്യദിനത്തിൽ ലിങ്ക് റോഡിനോടു ചേർന്നുള്ള ഭാഗങ്ങളിൽ കായലിൽ ഒഴുകി നടന്ന പ്ലാസ്റ്റിക് മാലിന്യം തൊഴിലാളികൾ ശേഖരിച്ച് കരയിലേക്ക് മാറ്റി.
‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ പദ്ധതിക്ക് മൂന്ന് പ്രോജക്ടുകളിലായി 7.45 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ കോർപറേഷനിലും സമീപ പഞ്ചായത്തുകളിലുമായി വരുന്ന വിവിധ കടവുകളുടെ ശുചീകരണവും പുനരുദ്ധാരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് 3.20 കോടിയാണ് ചെലവഴിക്കാനാകുന്നത്. അഷ്ടമുടിയിലെ മിക്ക കടവുകളും ഈ പദ്ധതി പ്രകാരം പുനരുദ്ധരിക്കും. കടവുകളിൽ അടിഞ്ഞിട്ടുള്ള മാലിന്യം നീക്കം ചെയ്യൽ, ചളി നീക്കി ആഴം ഉറപ്പാക്കുക, കടവുകളിലെ കൽപടവുകൾ പുതുക്കിപ്പണിയുക, കടവിന്റെ പേരും സുരക്ഷ മാനദണ്ഡങ്ങളും മുന്നറിയിപ്പുകളും അറിയിക്കുന്ന ബോർഡ് സ്ഥാപിക്കുക, സോളാർ ലൈറ്റുകൾ-സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക, മാലിന്യം കായലിൽ നിക്ഷേപിക്കാതിരിക്കാൻ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക എന്നിവ ഉൾപ്പെടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിർവഹിക്കുക. പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ആവശ്യമായ ഫണ്ട് കോർപറേഷൻ തീരദേശ വികസന കോർപറേഷന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.