കുളത്തൂപ്പുഴ: വന്യജീവി സങ്കേതത്തില്‍നിന്ന് കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന കാട്ടുകുരങ്ങുകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി കോളനി വാസികള്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ മരുതിമൂട് ചതുപ്പ് പ്രദേശത്തെ താമസക്കാരായ നിര്‍ധന കുടുംബങ്ങളാണ് ജോലിക്ക് പോലും പോകാനാവാതെ വലയുന്നത്. സംഘങ്ങളായി എത്തുന്ന കാട്ടുകുരങ്ങുകള്‍ അടച്ചുറപ്പില്ലാത്ത വീടുകള്‍ക്കുള്ളിലേക്ക് ഒാടിളക്കിയും ജനാലവഴിയും ഇറങ്ങി വീടിനുള്ളില്‍ പാകം ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം വാരി വലിച്ചുതിന്നും ഭക്ഷ്യസാധനങ്ങളും പച്ചക്കറിയും കടിച്ചുതുപ്പി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം രാധാകൃഷ്ണ ഭവനില്‍ രാധാമണിയുടെ വീട്ടിനുള്ളിലേക്ക് ജനാലയിലൂടെ കടന്നെത്തിയ കുരങ്ങുകള്‍ വീട്ടിനുള്ളില്‍ കലത്തില്‍ സൂക്ഷിച്ചിരുന്ന റേഷനരിയടക്കം വാരിവലിച്ചെറിഞ്ഞു. വൈദ്യുതി വയറിലൂടെ ചാടിമറിഞ്ഞ കുരങ്ങുകള്‍ മീറ്ററും മെയിന്‍ സ്വിച്ചടക്കം തകർത്തെറിഞ്ഞു. സംഭവസമയം കൂലിവേലക്കാരായ രാധാമണിയും ഭര്‍ത്താവും ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന എട്ടുവയസ്സുകാരി മകള്‍ വാനരന്‍മാരെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചീറിയടുത്ത കുരങ്ങിനെ കണ്ട് ഭയന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
വീട്ടുകാരുമായി തിരിച്ചെത്തുമ്പോഴേക്കും വീടിനകവും പുറവും വാനരന്‍മാര്‍ നാശമാക്കിയിരുന്നു. സമീപ വീടുകളിലെ സ്ഥിതിയും മോശമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പടക്കം പൊട്ടിച്ചാലും പാട്ട കൊട്ടിയാലുമൊന്നും ഇവ ഭയപ്പെടാറില്ല. രാത്രി പോലും വനത്തിലേക്ക് മടങ്ങാതെ സമീപത്തെ മരച്ചില്ലകളില്‍ തങ്ങുന്ന വാനരന്‍മാര്‍ പുലര്‍ച്ചെ തന്നെ അടുക്കളകളിലും വാഴത്തോട്ടങ്ങളിലും കടന്നെത്തുകയും കൃഷിനാശം വരുത്തുന്നതു പതിവാണ്. അടിയന്തരമായി വനം വകുപ്പ് ഇടപെട്ട് വാനരന്‍മാരെ ജനവാസ മേഖലയില്‍ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.