ജി​ല്ല​യി​ലെ കാ​ഷ്യൂ എ​ക്‌​സ്‌​പോ​ര്‍ട്ട​ര്‍മാ​ര്‍, സ്വ​കാ​ര്യ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി മ​ന്ത്രി പി. ​രാ​ജീ​വ് ച​ര്‍ച്ച ന​ട​ത്തു​ന്നു

കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി -മന്ത്രി പി. രാജീവ്

കൊല്ലം: കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിശോധിച്ച് മേഖലയിലെ വികസനവും പരിഷ്‌കാരങ്ങളും സംബന്ധിച്ച് പഠിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ്. ജില്ലയിലെ കാഷ്യൂ എക്‌സ്‌പോര്‍ട്ടര്‍മാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍, വിവിധ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നുമാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശിക്കും. ആധുനിക യന്ത്രവത്കരണം, ഗുണനിലവാരം ഉറപ്പാക്കല്‍, തൊഴിലാളികളുടെ ബോണസ്, പി.എഫ്, ഇതരപ്രശ്‌നങ്ങള്‍ തുടങ്ങിയവ വിശദമായി പഠിച്ചതിനു ശേഷം കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കശുവണ്ടി വിദഗ്ധസമിതി ഒരാഴ്ചക്കുള്ളില്‍ രൂപവത്കരിക്കുമെന്നും ഇതിലൂടെ കശുവണ്ടി മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐ.ഐ.എം ഉള്‍പ്പെടെ ഇടങ്ങളില്‍നിന്നും വിദഗ്ധര്‍ അടങ്ങിയ അഞ്ചംഗ സമിതി രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഒരാഴ്ചക്കുള്ളില്‍ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാറും കശുവണ്ടി മേഖലയിലെ ഉടമകളും തൊഴിലാളികളും ഒന്നിച്ചു നിന്നാല്‍ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ഇതിന് ആധുനീകരണം അനിവാര്യമാണ്. ചെലവ് കുറച്ച് ഉൽപാദനം വര്‍ധിപ്പിക്കണം. അത്യാധുനിക സാങ്കേതികവിദ്യയും യന്ത്രവത്കരണവും ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാനാകണം. വ്യവസായം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന ചിന്തകള്‍ ഉയര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു. എല്ലാം സര്‍ക്കാര്‍ ശരിയാക്കണമെന്ന ചിന്താഗതിയോടെ മുന്നോട്ട് പോയാല്‍ എവിടെയും എത്താനാവില്ല. ന്യായമായ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

കശുവണ്ടി മേഖലയിലെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 30 കോടി രൂപയുടെ പാക്കേജ് എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് കശുവണ്ടി മേഖലയിലെ മുഴുവന്‍ പേരുടെയും അഭിപ്രായം രൂപവത്കരിക്കും.

നിലവിലെ കാഷ്യൂ ബോര്‍ഡ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും കയര്‍, കൈത്തറി മേഖലയില്‍ നടപ്പാക്കിയ മാതൃകയില്‍ കശുവണ്ടി വ്യവസായ മേഖലയിലും ഉല്‍പന്നങ്ങള്‍ക്ക് 'മേഡ് ഇന്‍ കേരള' സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ബീച്ച് ഹോട്ടലില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള, വിവിധ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Committee to study cashew sector problems - Minister P. Rajiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.