പുനലൂർ: ചോർന്നൊലിക്കുന്ന ലയം നന്നാക്കാത്തതിനെതിരെ പരാതിപ്പെട്ട സ്ത്രീ തൊഴിലാളിയോട് എസ്റ്റേറ്റ് അധികൃതർ പ്രതികാര നടപടിയെടുക്കുന്നെന്ന് ആക്ഷേപം. ആര്യങ്കാവ് അമ്പനാട് തേയില തോട്ടത്തിലെ തൊഴിലാളി കല്യാണിക്കാണ് അധികൃതരിൽനിന്ന് ദ്രോഹനടപടി.
കനത്ത മഴയിൽ ഇവർ താമസിക്കുന്ന ലയം ചോർന്നൊലിച്ചിരുന്നു. ഇതുസംബന്ധിച്ച് ആദ്യം കമ്പനി അധികൃതരോട് പരാതിപ്പെട്ടു. ഫലമില്ലാതായതോടെ യൂനിയൻ നേതാക്കളോട് വിവരം ധരിപ്പിച്ചു. ഇതിനെ തുടർന്നാണ് അധികൃതരുടെ പ്രതികാരത്തിന് ഇടയാക്കിയത്. ലയത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയത് നിർത്തിവെച്ചു. സമീപത്തെ മറ്റൊരു ലയത്തിന്റെ വരാന്തയാണ് താമസിക്കാനായി പകരം നൽകിയത്. ഒരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. മൂന്ന് തലമുറയായി താമസിച്ചുവന്ന ലയം ശോച്യാവസ്ഥയിലായതോടെ തകരാർ പരിഹരിച്ചു നൽകണമെന്ന് അപേക്ഷിച്ചിരുന്നതായും കമ്പനി അധികൃതർ ഇത് ചെവിക്കൊള്ളാത്തതിനെ തുടർന്നാണ് ട്രേഡ് യൂനിയനുകളെ അറിയിച്ചതെന്നും ഇവർ പറയുന്നു.
അമ്പനാട് തേയില എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് മാനുഷിക പരിഗണനപോലും നൽകാതെ ലേബർ ആക്ടിന് വിരുദ്ധമായ നടപടികളാണ് കല്യാണി എന്ന സ്ത്രീ തൊഴിലാളിയോട് കമ്പനി അധികൃതർ കാട്ടുന്നതെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.