കൊല്ലം: ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൂടിയാണ് എലിപ്പനി പകരുക. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് രോഗലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മൂത്രത്തില്‍ നിറവ്യത്യാസം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം.
മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കണം. കട്ടികൂടിയ റബര്‍ കാലുറകളും, കൈയുറകളും ധരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താം. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നതു വരെ ഇത്തരം ജോലികള്‍ ചെയ്യരുത്.
വയറിളക്കരോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്- എ (മഞ്ഞപ്പിത്തം) തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കുള്ള സാഹചര്യമാണിപ്പോള്‍. മുന്‍കരുതലായി ശുചിത്വം പാലിക്കണം. പനി, തലവേദന, ഛര്‍ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍.
രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. ഇടക്കിടെ സോപ്പുപയോഗിച്ച് കൈകഴുകിയാല്‍ വയറിളക്കരോഗങ്ങള്‍ അകറ്റാം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം.
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ നിര്‍ജലീകരണം വഴി മരണസാധ്യതയുണ്ട്. വയറിളക്കരോഗലക്ഷണങ്ങള്‍ക്ക് തുടക്കത്തില്‍ത്തന്നെ പാനീയ ചികിത്സ വേണം. ഒ.ആര്.എസ് ലായനി, ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പുംപഞ്ചസാരയും ചേര്‍ത്തു തയാറാക്കിയ നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കാം.
മഴക്കാലത്ത് ഡെങ്കിപ്പനി, ചികുന്‍ ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കുമുള്ള സാഹചര്യമുണ്ട്. ഫ്രിഡ്ജുകളുടെ ട്രേ, സണ്‍ഷേയ്ഡ്, ഉപയോഗിക്കാത്ത ടാങ്കുകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം.
പനിയോടൊപ്പം തലവേദന, കണ്ണിനുപിറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ കെ.എസ്. ഷിനു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.