കൊല്ലം: സംസ്ഥാന സർക്കാർ പരിപാടി എന്ന നിലയിൽ നവകേരള സദസ്സ് നടത്തിപ്പിന് രണ്ട് ലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് നൽകാൻ കോർപറേഷൻ കൗൺസിൽ അംഗീകാരം. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തി. കോർപറേഷൻ പരിധിയിൽ വരുന്ന കൊല്ലം, ഇരവിപുരം, ചവറ മണ്ഡലങ്ങൾക്ക് ആനുപാതികമായി തുക വീതിച്ച് നൽകും. തുക നൽകുന്നതിൽ വിയോജിക്കുമ്പോഴും ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ പരിപാടി എന്ന നിലയിൽ എല്ലാ കൗൺസിലർമാരുടെയും സഹകരണം നവകേരള സദസ്സിന് ഉണ്ടാകണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് ആവശ്യപ്പെട്ടു.
ഡിവിഷനുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാറിന് മുന്നിൽ എത്തിക്കണം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിലും കേന്ദ്ര ബി.ജെ.പി സർക്കാർ സംഘടിപ്പിച്ച ജി 20 പരിപാടിയിലും പൂർണ സഹകരണം കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് മേയർ ഓർമിപ്പിച്ചു. രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കുവേണ്ടിയുള്ള സർക്കാർ പരിപാടി എന്ന വിശാലാർഥത്തിൽ നവകേരള സദസ്സിനെ കാണാനും മാതൃകാപരമായി പങ്കെടുക്കാനും കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ തയാറാകണമെന്നും മേയർ പറഞ്ഞു.
നവകേരള സദസ്സിന് കഴിയുമെങ്കിൽ കൂടുതൽ തുക നൽകണമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമപരമായ സാധ്യത പരിശോധിച്ച് ചെയ്യുമെന്ന് മേയർ മറുപടി നൽകി. തുക നൽകുന്നതിൽ വിയോജിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷൻ ജോർജ് ഡി. കാട്ടിൽ, നവകേരള സദസ്സിന് കുടുംബശ്രീ പോലുള്ള സംവിധാനങ്ങളിൽ നിന്ന് ആളുകളെ നിർബന്ധിച്ച് കൊണ്ടുപോകുന്ന നടപടി ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി പാർലമെന്ററി പാർട്ടി അധ്യക്ഷൻ ടി.ജി. ഗിരീഷും പ്രതിഷേധമറിയിച്ചു. 15ാം ധനകാര്യ കമീഷൻ അനുവദിച്ച 874 കോടി രൂപയിൽ 274 കോടി മാത്രമാണ് നഗരസഞ്ചയ ഫണ്ട് എന്ന നിലയിൽ കേന്ദ്രസർക്കാർ ഇതുവരെ തന്നതെന്നും ഇതുകാരണം പദ്ധതികൾ അവതാളത്തിലാകുകയാണെന്നും മേയർ കൂട്ടിച്ചേർത്തു.
വീടുകളിൽ നൽകിയ കമ്പോസ്റ്റ് ബിൻ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് പോലും പഠിപ്പിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ജോർജ് ഡി. കാട്ടിൽ പറഞ്ഞു. ബിൻ ഉപയോഗിക്കുമ്പോൾ വെള്ളം ഒരുതരത്തിലും ജൈവമാലിന്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നത് ഉൾപ്പെടെ ബോധവത്കരിച്ച് പദ്ധതി പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ എസ്. ജയൻ, ജി. ഉദയകുമാർ, കൗൺസിലർമാരായ സ്റ്റാൻലി, നൗഷാദ്, എം. സജീവ്, സന്തോഷ്, ഷൈലജ, സോമരാജൻ, സജീവ് സോമൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.