കൊല്ലം: ദിനം പ്രതി അരി വില കുതിച്ചുയരുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതാണ് വില കൂടാനുള്ള പ്രധാന കാരണം.
കേരളത്തിലേക്ക് കൂടുതലായി അരി വരുന്ന ആന്ധ്രയിൽ കർഷകരിൽ നിന്ന് സർക്കാർ ന്യായവിലക്ക് നെല്ലുസംഭരണം തുടങ്ങിയതോടെ പൊതുവിപണിയിൽ നെല്ല് കുറഞ്ഞു.
കർണാടകയിലെയും തമിഴ്നാട്ടിലെയും സ്വകാര്യ മില്ലുകൾ ശ്രീലങ്കയിലേക്ക് വ്യാപകമായി അരി കയറ്റുമതി തുടങ്ങിയതോടെ അവിടെ നിന്ന് അരി വരുന്നത് കുറഞ്ഞു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ, എല്ലായിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയർന്നു.
കൂടുതൽ പേർ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്കും 10 രൂപയോളം ഉയർന്നു. ഉണ്ട, മട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറുരൂപയോളമാണ്.
ജയ അരിക്ക് മൊത്തവിപണിയിൽ കിലോഗ്രാമിന് 55 രൂപ കടന്നു. ചെറുകിട വിപണിയിൽ 60 നും അതിനു മുകളിലുമാണ് വില. ഇന്ധനവില വർധനയും ഉൽപാദനത്തിലെ കുറവുമാണ് വില കൂടുന്നതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
സുരേഖക്കും പച്ചരിക്കും വില കൂടുന്നുണ്ട്. അവശ്യവസ്തുക്കളുടെ വില ഉയരുന്നതോടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.