കൊല്ലം: പ്രതിമാസ വരുമാനം ഗണ്യമായി കുറഞ്ഞതോടെ റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ. 2023 ജനുവരി മുതൽ റേഷൻകട വഴി വിതരണം നടത്തുന്നത് നോർമൽ റേഷൻ വിഹിതം മാത്രമാണ്. നോഡൽ ഏജൻസിയായ എൻ.എസ്.എഫ്.ഐയിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത് ഓരോ മാസത്തിന്റെയും അവസാന ആഴ്ചകളിലാണ്. ഇതുമൂലം മാസാവസാനം കടകളിൽ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്.
മാസാദ്യം റേഷൻ എത്തിച്ചുതരണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാത്തതിനാലാണ് ഇത്തരം പ്രതിസന്ധികൾ നിരന്തരം ഉണ്ടാകുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. കേരളത്തിന് ലഭിക്കുന്ന നോർമൽ റേഷന്റെ 75 ശതമാനംപോലും കാർഡ് ഉടമകൾക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണ്. അടിക്കടി ഉണ്ടാകുന്ന സെർവർ, ഇ-പോസ് തകരാറുകൾക്ക് ശാശ്വത പരിഹാരം കാണാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു.
കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന കേരളത്തിന്റെ പ്രതിമാസ റേഷൻ നോർമൽ വിഹിതം 1,22,974 ലക്ഷം മെട്രിക് ടൺ അരിയും 15,628 ലക്ഷം മെട്രിക് ടൺ ഗോതമ്പുമാണ്. രണ്ടുവർഷമായി പി.എം.ജി.കെ.എ.വൈ വിഹിതമായി ഓരോ മാസവും 77,400 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യംകൂടി ലഭിച്ചു കൊണ്ടിരുന്നു.
ഈ കേന്ദ്ര പദ്ധതി നിർത്തലാക്കിയതോടെ കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യലഭ്യത നേർപകുതിയായി കുറയുകയും അരിവില ക്രമാതീതമായി വർധിക്കുകയും ചെയ്തു. അഡീഷനൽ അലോട്ട്മെന്റ് നേടിയെടുക്കാൻ സംസ്ഥാന സർക്കാറിനെക്കൊണ്ട് കഴിഞ്ഞിട്ടുമില്ല.
പൊതുവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന 14,157 റേഷൻ കട ലൈസൻസികളും അത്രത്തോളം വരുന്ന സെയിൽസ്മാൻമാരും കാർഡ് ഉടമകളായ 93 ലക്ഷത്തിൽപരം കുടുംബങ്ങളും ഒരുപോലെ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണെന്ന് ഓൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻ പിള്ള പറഞ്ഞു.
വിതരണത്തിനനുസരിച്ച് റേഷൻ ലൈസൻസികൾക്ക് കമീഷൻ നൽകുന്ന ഇന്നത്തെ രീതി പുനഃപരിശോധിക്കണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷം റേഷൻ കടക്കാരും വ്യാപാരം ഉപേക്ഷിച്ചുപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.