കൊല്ലം: മധ്യസ്ഥചർച്ചകൾക്കായി വിളിച്ചുവരുത്തിയശേഷം യുവാക്കളെ ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ച സംഘത്തിൽപെട്ട മൂന്നുപേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടുപേർ സഹോദരങ്ങളാണ്.
കൊറ്റങ്കര പേരൂർ വയലിൽ പുത്തൻവീട്ടിൽ മിഥുൻ (20- ആരോമൽ), ഇയാളുടെ സഹോദരൻ നിതിൻ (23- അമ്പാടി), വയലിൽ പുത്തൻവീട്ടിൽ സുമേഷ് (21- ചെമ്പകം) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 31 ന് പുന്തലത്താഴം ആമക്കോട്ടുള്ള തെങ്ങിൻ പുരയിടത്തിൽെവച്ച് മാമൂട് ചരുവിള പുത്തൻവീട്ടിൽ ഹാഷിം (25), മേക്കോൺ വയലിൽ വീട്ടിൽ അർഷാദ് (27) എന്നിവരെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. 30ന് പുന്തലത്താഴത്തെ സർക്കാർ മദ്യവിൽപനശാലക്കടുത്തുെവച്ച് കൂട്ടുകാർ തമ്മിലുണ്ടായ വാക്കേറ്റത്തിൽ മധ്യസ്ഥചർച്ച നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് ആമക്കോട്ടേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻറയും അസി. കമീഷണർ സോണി ഉമ്മൻ കോശിയുടെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
ആക്രമണശേഷം ജില്ല വിട്ട പ്രതികളിൽ ഒരാളായ നിഥിൻ പത്തനംതിട്ട പെരുമ്പട്ടി സ്റ്റേഷൻ പരിധിയിൽപെട്ട ഒരു തടിമില്ലിൽ ആന പാപ്പാെൻറ സഹായിയായി. മിഥുനും സുമേഷും കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിനടുത്ത് പുന്നത്തറയിൽ, ആന ചികിത്സകരുടെ സഹായികളായി ജോലി നോക്കിവരികയായിരുന്നു.ആന ഉടമകളുടെ സംഘടനകളുടെയും ആനപാപ്പാന്മാരുടെയും ആനപ്രേമികളുടെയും സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ശ്രീനാഥ്, എ.എസ്.ഐ ജിജു, സി.പി.ഒ സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.