കൊല്ലം: ജില്ലയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഡെങ്കിപ്പനി, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, പകർച്ചപ്പനികൾ ഉൾപ്പെടെയുള്ള കേസുകൾ വർധിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ.
സംസ്ഥാനത്ത് നാല് ജില്ലകളിൽ കൂടുതലായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിൽ ഒന്ന് കൊല്ലം ജില്ലയുമാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ പൊതുവേ പനിയും ചുമയും തുടങ്ങി ഇൻഫ്ലുവൻസയായും കാണുന്നുണ്ട്.
രോഗം ബാധിച്ചാൽ എത്രയുംവേഗം ചികിത്സ ലഭ്യമാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ്ക്രീമും സോഫ്റ്റ് ഡ്രിങ്കുകളും മാത്രം ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധയുണ്ടാകണം. വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയാറാക്കുന്ന ഭക്ഷണപാനീയങ്ങൾ വാങ്ങിക്കഴിക്കരുത്. വയറിളക്ക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ.
ചൂടുകൂടിയ സാഹചര്യമായതിനാൽ ഭക്ഷണം വേഗത്തിൽ കേടാകാനും സാധ്യതയുണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധചെലുത്തണം. വേനൽക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമാക്കി കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജ്യൂസ് കടകളിൽ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കുമെന്നും അതികൃതർ അറിയിച്ചു.
വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കൊപ്പം ഡെങ്കിപ്പനിക്കെതിരെയും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അരോഗ്യവകുപ്പ്. വേനല്‍ക്കാലത്ത് വലിച്ചെറിയുന്ന ഒഴിഞ്ഞ കുപ്പികളില്‍ വെള്ളം കെട്ടിനിർത്തി കൊതുക് പെരുകാനിടയാക്കരുത്. ഒഴിഞ്ഞ പാത്രങ്ങളുടെ സംസ്കരണത്തിന് പ്രാധാന്യം നല്കുന്ന ഡ്രൈ കണ്ടെയ്നര്‍ എലിമിനേഷന് ഡ്രൈവ് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും മഴക്കാലത്തിന് മുമ്പ് നടത്തും. ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. പനിയോടൊപ്പം തലവേദന, കണ്ണിന് പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം.
വീടുകളുടെയും കെട്ടിടങ്ങളുടെയും അകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മുട്ടയിട്ട് പെരുകുന്നവയാണിവ. വീടിന്റെ ഉള്ളില്‍ ചെടിച്ചട്ടികള്‍, പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ട്രേ, സണ്‍ഷേയ്ഡ്, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. മണിപ്ലാന്റ് മുതലായ അലങ്കാര ചെടികള്‍ വെച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളംമാറ്റണം. വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ പാത്രങ്ങളില്‍ പിടിച്ച് വെച്ചിരിക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിടാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ പാത്രങ്ങള്‍ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധചെലുത്തണം. ഡെങ്കിപ്പനി സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ശരിയായ ചികിത്സയും വിശ്രമവും പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.