കൊല്ലം: വൈറൽപനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എച്ച്1എൻ1ഉം ജില്ലയിൽ പിടിമുറുക്കുന്നു. ചികിത്സതേടുന്നവരുടെ എണ്ണം ദിനേന വർധിക്കുന്നു. മഴയും വെയിലും മാറിവരുന്ന കാലാവസ്ഥവ്യതിയാനമാണ് പനി പടരാനുള്ള കാരണമായി അധികൃതർ പറയുന്നത്. കോവിഡിന്റെ തുടർച്ചപോലെയാണ് പലരിലും കടുത്ത പനി ക്ഷീണമുണ്ടാകുന്നത്. വൈറൽ പനിയുടെ സമാനമായ ലക്ഷണം തന്നെയാണ് എല്ലാത്തിനും.
രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറഞ്ഞ് പലരിലും ഡെങ്കിപ്പനിയാവുകയാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് ഗുരുതരമാവുകയും ചെയ്യുന്നു. ഡോക്ടർമാർ രക്തപരിശോധന ഉൾപ്പെടെ കുറിച്ചുനൽകുന്നത് പലരും നിരസിക്കുകയാണ്. കൃത്യമായ ചികിത്സ തേടാത്തതും രോഗം ഗുരുതരമാക്കുന്നു. ശരീരവേദന, അമിതമായ ക്ഷീണം, കടുത്ത പനി, തൊണ്ടവേദന, തലവേദന, വിറയൽ എന്നിവയാണ് പി.എച്ച്.സികളിൽ എത്തുന്നതിലധികവും കാണുന്നത്. ഈ മാസം പത്ത് ദിവസത്തിനുള്ളിൽ ചികിത്സക്കെത്തിയ 399 പേരിൽ 196പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ബുധനാഴ്ച 52 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ശൂരനാട് നോർത്ത്, പോരുവഴി, ചവറ, പേരയം, തേവലക്കര എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ അധികവും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ല മെഡിക്കൽ ഓഫിസിന്റെ മെല്ലെപ്പോക്കെന്നാണ് ആക്ഷേപം. ജില്ലയിൽ മൊത്തമായി ഫോഗിങ് ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. വീടുകളാണ് കൊതുകുകളുടെ ഉറവിടമെന്നാണ് കണ്ടെത്തൽ. എന്നാൽ, ഫോഗിങ്ങും സ്പ്രേയിങ്ങും വീടുകളിൽ മാത്രം ഒതുക്കുകയാണ് അധികൃതർ. ഡെങ്കിപ്പനിക്കു പുറമേ, എച്ച്1 എൻ1, എലിപ്പനി എന്നിവയും ജില്ലയിൽ പടരുകയാണ്. എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം ഉമ്മണ്ണൂർ സ്വദേശി മരിച്ചു.
അതിനുപിന്നാലെ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് ജാഗ്രത നിർദേശം നൽകിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എച്ച്1എൻ1 ബാധിച്ചത് 13പേർക്കാണ്. ഈ മാസം 16പേർക്ക് എച്ച്1എൻ1 ബാധിച്ചിട്ടുണ്ട്. കോർപറേഷൻ മേഖലയിലാണ് കൂടുതൽ രോഗികളും. സാധാരണ ജലദോഷപ്പനി മുതൽ ഡെങ്കിപ്പനി, എലിപ്പനി പോലുള്ള ഗുരുതര പനികൾ പടരുന്ന സമയമാണിത്. നീളുന്ന പനി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലേ ചികിത്സ തേടണം.
കുട്ടികളിൽ ബാധിക്കുന്ന പനി ഗുരുതരമാകാൻ സാധ്യതയേറെയുള്ളതിനാൽ പ്രതിരോധമാർഗങ്ങൾ കണ്ടെത്താനും സ്വയംചികിത്സ നൽകാതെ ഡോക്ടറുടെ നിർദേശം തേടണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനി നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പനി ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.