കൊല്ലം: ജില്ലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. മഴ ശക്തി പ്രാപിക്കും മുമ്പേ പകർച്ചപനിയടക്കം വ്യാപകമായി. െഡങ്കിപ്പനി, എലിപ്പനി എന്നിവ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 566 പേർ പകർച്ചപനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടി. സ്വകാര്യ ആശുപത്രി ഒ.പികളിലും പനിബാധിതരുടെ വലിയ തിരക്കുണ്ട്.
25 പേർക്ക് കഴിഞ്ഞ ദിവസം ഡങ്കിപ്പനി സ്ഥിരീകരിച്ചു. 32 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഡങ്കിപ്പനിബാധിതർ ചികിത്സതേടിയത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. അഞ്ചൽ, ആദിച്ചനല്ലൂർ, കുലശേഖരപുരം, കടയ്ക്കൽ, കരവാളൂർ, കൊറ്റങ്കര, കൊട്ടാരക്കര, പട്ടാഴി, ശൂരനാട്, തെന്മല, വിളക്കുടി, പടിഞ്ഞാറേ കല്ലട, ഏരൂർ എന്നിവിടങ്ങളിലാണ് ഡങ്കിബാധിതരുള്ളത്.
ജില്ലയിൽ എലിപ്പനി ബാധിച്ച് ഏഴുപേരും ലക്ഷണങ്ങളോടെ രണ്ടുപേരും ചികിത്സയിലുണ്ട്. ചാത്തന്നൂർ, പത്തനാപുരം, വെളിനല്ലൂർ, വിളക്കുടി, പിറവന്തൂർ എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. പകർച്ചപനിയും സമാനമായ മറ്റ് രോഗങ്ങളും വ്യാപകമാകാനിടയുള്ളത് മുന്നിൽകണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കം മരുന്നുകളുടെ ശേഖരം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. താലൂക്ക് ആശുപത്രികളിൽ ഇതിനകം പനി ക്ലിനിക്കുകൾ ആരംഭിച്ചു.
അതേസമയം മഴക്കാലപൂർവ ശുചീകരണം ഇക്കുറി കാര്യക്ഷമമായിരുന്നില്ലെന്ന പരാതി വ്യാപകമാണ്. ഓടകളുടെ ശുചീകരണമടക്കം മിക്കയിടങ്ങളിലും നടന്നില്ല. ഭൂരിഭാഗം പഞ്ചായത്തുകളിലും മാലിന്യനീക്കം അവതാളത്തിലാണ്. കൊല്ലം കോർപറേഷൻ പരിധിയിലടക്കം പൊതുയിടങ്ങളിൽ മാലിന്യം കൂന്നുകൂടി ദുർഗന്ധം വമിക്കുന്ന സാഹചര്യമുണ്ട്.
കൊതുകുനശീകരണപ്രവർത്തനങ്ങൾ മുൻകാലങ്ങളിൽ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ വ്യാപകമായി നടന്നിരുന്നു. മഴക്കാലപൂർവ ശുചീകരണത്തിനും അനുബന്ധജോലികൾക്കു ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും അവ ലക്ഷ്യം കാണുന്നുവെന്ന് ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.