കൊല്ലം: റെയിൽവേ ജങ്ഷൻ പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. നിർമാണത്തിന്റെ ആദ്യഘട്ടമായ ഓഫിസ് സമുച്ചയം മേയ് മാസത്തിൽ കമീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫിസ് സമുച്ചയത്തിന്റെ 90 ശതമാനത്തിലധികം നിർമാണം പൂർത്തിയായി. യാത്രക്കാർക്ക് നേരിട്ട് സേവനം നൽകുന്ന ഓഫിസുകൾ ഒഴികെയുള്ള എല്ലാം പുതിയ സമുച്ചയത്തിലേക്ക് മാറ്റാനാണ് തീരുമാനം.
എൻ.എസ്.ജി-മൂന്ന് കാറ്റഗറിയിലാണ് സ്റ്റേഷനെ ഉൾപ്പെടുത്തി നവീകരണം നടത്തുന്നത്. റെയിൽവേയുടെ കണക്കുകൾ പ്രകാരം കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ സ്റ്റേഷനാണ് കൊല്ലം. ഒരു വർഷം 1.6 കോടി പേരും പ്രതിദിനം 47,000 പേരും സ്റ്റേഷൻ വഴി സഞ്ചരിക്കുന്നു എന്നാണ് ശരാശരി കണക്ക്. നിർമാണം പുരോഗമിക്കുന്ന തെക്കുഭാഗത്തുള്ള ഒന്നാം ടെർമിനൽ കെട്ടിടത്തിന് 55,000 ചതുശ്ര അടിയിൽ അഞ്ച് നിലകളാണൊരുങ്ങുന്നത്. കാത്തിരിപ്പുകേന്ദ്രം, ലോഞ്ചുകൾ, കമേഴ്സ്യൽ ഏരിയ എന്നിവയുണ്ടാകും. താഴത്തെനിലയിൽ ശുചിമുറികൾ, ക്ലോക്ക് റൂം, ബേബി കെയർ, ഹെൽപ് ഡെസ്ക്, കമേഴ്സ്യൽ ഔട്ട്ലെറ്റ്, കിയോസ്ക്കുകൾ എന്നിവ ഒരുക്കും. രണ്ട് എസ്കലേറ്ററുകളും, എട്ട് ലിഫ്റ്റുകളും, ബാഗേജ് സ്കാനറും, കമ്പ്യൂട്ടറൈസ്ഡ് മൾട്ടി എനർജി എക്സ്റേയും സ്ഥാപിക്കും. നാല് എസ്കലേറ്ററുകളും നാല് ലിഫ്റ്റുകളും ഇവിടെ സ്ഥാപിക്കും.
റസ്റ്റാറന്റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയുമുണ്ടാകും. മാളിന് സമാന സൗകര്യമുള്ള കോൺകോഴ്സിൽ പൊതുജനങ്ങൾക്ക് പ്ലാറ്റ് ഫോം ടിക്കറ്റോ ടിക്കറ്റോ ഇല്ലാതെ പ്രവേശിക്കാം. പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി അഞ്ചുനിലയിൽ മൾട്ടി ലെവൽ കാർ പാർക്കിങ് നിർമാണവും നടത്തുന്നുണ്ട്. വിവിധോദ്ദേശ്യ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണവും പുരോഗമിക്കുകയാണ്. റെയിൽവേ ഡിവിഷന്റെ പരിശീലനം പൂർണമായും കൊല്ലത്ത് നടത്താൻ കഴിയുന്ന രീതിയിലാണ് നിർമാണം. കരാര് വ്യവസ്ഥ പ്രകാരം 2026 ജനുവരി 21നാണ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടത്. ഗോൾഡ് ലെവൽ എന്നത് മാറി പ്ലാറ്റിനം കാറ്റഗറിയിലാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കെട്ടിടങ്ങള് പൊളിച്ചുമാറ്റുന്ന പ്രോജക്ട് ഏരിയ ക്ലിയറൻസ് അന്തിമഘട്ടത്തിലാണ്.
കൊല്ലം: റെയിൽവേ ജങ്ഷന്റെ വടക്കുഭാഗത്തെ രണ്ടാമത്തെ കവാടത്തിലെ പാർക്കിങ് ഒഴിവാക്കി റെയിൽവേ. നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. വടക്കുഭാഗത്തെ കവാടത്തിൽ പാർക്കിങ് തുടരേണ്ടെന്നാണ് റെയിൽവേ തീരുമാനം. ശനിയാഴ്ച മുതലാണ് പാർക്കിങ് നിർത്തിയതായി അറിയിച്ച് കവാടത്തിൽ കയറുകെട്ടിയതും ബോർഡ് സ്ഥാപിച്ചതും. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കരാർ കമ്പനിക്ക് സ്ഥലം കൈമാറിയതായി റെയിൽവേ അധികൃതർ അറിയിച്ചു. നിലവിൽ വടക്കുഭാഗത്തെ കവാടത്തിന്റെ മോടിപിടിപ്പിക്കൽ പൂർത്തിയായിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. ഇത് മുഴുവൻ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാനാണ് റെയിൽവേയുടെ നിർദേശം.
അതിന്റെ ഭാഗമായാണ് പാർക്കിങ് ഗ്രൗണ്ട് ഒഴിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. സ്റ്റേഷൻ ഗ്രൗണ്ടിൽ പാർക്കിങ് നിരോധിച്ചതോടെ കൊല്ലം-ചെങ്കോട്ട റോഡിന്റെ ഇരുവശങ്ങളും റെയിൽവേ യാത്രക്കാരുടെ വാഹനങ്ങളാൽ നിറഞ്ഞു. കാൽനടക്കാർക്ക് വഴിനടക്കാൻ കഴിയാത്ത നിലയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. എസ്.എം.ബി പാലസിന്റെ സമീപത്തായി പാർക്കിങ് ക്രമീകരിച്ചുണ്ടെന്നാണ് അധികൃതർ പറയുന്നത്. അവിടെ പാർക്ക് ചെയ്ത് സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിപ്പെടാൻ പ്രയാസമാണ്, അതുകാരണമാണ് റോഡരികിൽ പാർക്ക് ചെയ്ത് മടങ്ങുന്നത്.
സ്റ്റേഷന്റെ പ്രധാന കവാടമായ തെക്കുഭാഗത്തെ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. 138 കാറുകൾക്കും 239 ബൈക്കുകൾക്കും ഉൾക്കൊള്ളാനും കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന യാത്രക്കാരുടെ സൗകര്യത്തിനായി രണ്ട് ലിഫ്റ്റുകളും ക്രമീകരിക്കുന്ന നിലയിലാണ് നിർമാണം. വടക്കുഭാഗത്തുള്ള രണ്ടാമത്തെ കവാടത്തിൽ 146 ഫോർ വീലറുകളും 252 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യവും ടാക്സി, ഓട്ടോ പാർക്കിങ്ങിനുള്ള സ്ഥലവും ഉണ്ടായിരിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ അത് എപ്പോൾ പൂർത്തീകരിക്കുമെന്ന് പറയാനാവില്ല. നിലവിൽ പാർക്കിങ് നിരോധിച്ചതോടെ യാത്രക്കാരും പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാരും തമ്മിൽ തർക്കം രൂക്ഷമായിട്ടുണ്ട്. ഇരുചക്രവാഹനവുമായി എത്തുന്നവർ നെട്ടോട്ടത്തിലാണിപ്പോൾ.
റെയിൽവേ ഉദ്യോഗസ്ഥർക്കുപോലും എന്തിനെന്നറിയാത്ത അനേകം നിർമാണപ്രവർത്തനങ്ങളാണ് അനുദിനം സ്റ്റേഷനിൽ പുരോഗമിക്കുന്നത്. അടുത്തകാലത്ത് നിർമിച്ച കെട്ടിടം അടക്കം പൊളിച്ച് പുതിയത് നിർമിക്കുന്നതും സംശയത്തിനുപോലും വഴിതെളിക്കുന്നത്. അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള കമ്പനികൾക്കാണ് കരാർ നൽകിയിരിക്കുന്നത്.
അദാനിയുടെ വിഴിഞ്ഞം പോർട്ടുമായി വളരെ അടുത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ ജങ്ഷൻ എന്ന പ്രത്യേകതകൂടി കൊല്ലത്തിനുണ്ട്. വിഴിഞ്ഞത്തുനിന്നുമുള്ള ചരക്കുനീക്കത്തിന്റെ പശ്ചാത്തലത്തിലാണോ നിർമാണമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആവശ്യങ്ങൾക്കും അപ്പുറത്തേക്കുള്ള വികസനപ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ പുരോഗമിക്കുന്നത്. കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്വകാര്യ ഏജൻസികൾക്ക് കരാറിന് നൽകാനാണോ എന്നും സംശയം ഉയരുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും വർഷങ്ങളായ കെട്ടിടങ്ങളും നടപ്പാലവുമൊക്ക പുനർവികസനമെന്ന പേരിൽ പൊളിച്ചുമാറ്റുകയാണ്.
യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ട്രെയിനിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുകയോ കൂടുതൽ സർവിസുകൾ ആരംഭിക്കാനോ നടപടികളാകാതെ കൂടുതൽ കെട്ടിടങ്ങൾ പടുത്തുയർത്തുന്നതാണ് ദുരൂഹത ഉയർത്തുന്നത്. വികസനമെന്ന പേരിൽ നടത്തുന്ന കാട്ടിക്കൂട്ടലുകൾ ജനങ്ങൾക്ക് ഉപകാരപ്പെടുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.