കൊല്ലം: വയറിളക്ക രോഗങ്ങൾക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഷിഗല്ല, കോളറ എന്നീ രോഗങ്ങളുടെ ലക്ഷണങ്ങൾ മുതിർന്നവരിലും ശ്രദ്ധയിൽപെട്ടതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സാധാരണയായി മുതിർന്നവരിൽ വയറിളക്ക രോഗങ്ങൾക്ക് ആശുപത്രിവാസം വേണ്ടി വരില്ലെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. വൃത്തിയില്ലാത്ത സാഹചര്യത്തിൽ തയാറാക്കിയതും പഴകിയതുമായ ഭക്ഷണം കഴിക്കുക, തിളപ്പിക്കാത്ത വെള്ളം കുടിക്കുക എന്നിവയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്ത വയറിളക്കരോഗങ്ങളുടെ പ്രധാന കാരണങ്ങൾ.
കോളറ: പെട്ടെന്നുള്ള, കഠിനമായതും വയറു വേദനയില്ലാത്തതും, കഞ്ഞിവെള്ളം പോലെയുള്ളതുമായ വയറിളക്കമാണ് പ്രധാന ലക്ഷണം. മിക്കപ്പോഴും ഛർദിയും ഉണ്ടായിരിക്കും. വയറു വേദന, കാലുകളിൽ കോച്ചിപ്പിടുത്തം എന്നിവയും അനുഭവപ്പെടാം.
ഷിഗെല്ല: വയറിളക്കം, പനി, വയറുവേദന , ഛർദി, ക്ഷീണം, രക്തം കലർന്ന മലം.
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിക്കാം. അത് മരണകാരണവുമായേക്കാം. വയറിളക്കരോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ പാനീയ ചികിത്സ ആരംഭിക്കണം. ഇതിനായി ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, മോരിൻ വെള്ളം തുടങ്ങിയവ നൽകാം. അതിയായ വയറിളക്കം, ഛർദ്ദി, കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാൽ പാനീയ ചികിത്സ തുടരുന്നതോടൊപ്പം അടിയന്തിര വൈദ്യസഹായം തേടുകയും വേണം.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ചവെള്ളത്തിൽ പച്ച വെള്ളം ചേർത്തു കുടിക്കരുത്.പുറത്ത് നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തു പോകുമ്പോൾ കയ്യിൽ കുടിവെള്ളം കരുതണം.ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയതും തുറന്ന് വച്ചതുമായ ഭക്ഷണം കഴിക്കരുത്. ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കണം.പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിക്കണം. ആഹാരത്തിനും രോഗീപരിചരണത്തിനും മുൻപും ശേഷവും , ശുചിമുറി ഉപയോഗിച്ചതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. കിണർജലം മലിനമാകാതെ സൂക്ഷിക്കുക. ഇടക്കിടെ കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യണം. വീടിൻ്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.