കൊല്ലം: പകർച്ചവ്യാധികൾ പിടിമുറുക്കുന്ന സ്ഥിതിയിൽ അതീവ ജാഗ്രത മുന്നറിയിപ്പിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും സജീവമാക്കി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എൻ1 എന്നീ പകർച്ചവ്യാധികൾ ഭീഷണിയാകുന്നതിനൊപ്പം ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ് കൂടി കഴിഞ്ഞ ദിവസം ജില്ലയിൽ സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ്. ഡെങ്കിപ്പനി മാത്രം കഴിഞ്ഞദിവസം 32 പേർക്ക് സ്ഥിരീകരിച്ചിരുന്നു.
38 പേർ ഡെങ്കി സംശയ പട്ടികയിലുണ്ട്. എലിപ്പനി ഒരാൾക്കും മലേറിയ രണ്ട് പേർക്കും സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മലേറിയ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് കൊല്ലത്ത് മാത്രമാണ്. ഇതിനൊപ്പമാണ് ഒരാൾക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചത്.
‘ഓറിയൻഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ എന്നീ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറുപ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും.
കക്ഷം, കാലിന്റെ മടക്ക്, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറുള്ളത്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുമ, ഓക്കാനം, ഛർദി എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.
കർഷകത്തൊഴിലാളികൾ, സമീപത്ത് കുറ്റിച്ചെടികൾ/കുറ്റിക്കാടുകൾ ഉള്ള വീടുകളിൽ താമസിക്കുന്നവർ, എലികളുള്ള പ്രദേശങ്ങളിലെ യാത്രക്കാർ, എലിശല്യമുള്ള സ്ഥലത്ത് താമസിക്കുന്നവർ
പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം. എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്. പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയുറയും കാലുറയും ധരിക്കണം. പനിയോ ദേഹത്ത് ചെള്ള് കടിച്ച പാട് എന്നിവ കാണുകയാണെങ്കിൽ ചെള്ള് പനി സംശയിക്കേണ്ടതും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.