കൊല്ലം: അതിമാരക മയക്കുമരുന്നിനത്തിൽപെട്ട എം.ഡി.എം.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 2.285 ഗ്രാം മെത്തലിൽ ഡയോക്സി മെത്താമ്പിറ്റാമിനുമായി രണ്ടുപേരെ കൊല്ലം എക്സൈസ് സെപ്ഷൽ സ്ക്വാഡ് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് വീരണകാവ് കുഴക്കാട് പൂവച്ചൽ ലക്ഷം വീട് കോളനി നമ്പർ 18 ൽ മുഹമ്മദ് ഇൻഫാൽ (25), ഇരവിപുരം സാബു നിവാസിൽ സക്കീർ ഹുസൈൻ (29) എന്നിവരെ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും ചേർന്നാണ് പിടികൂടിയത്.
മുഹമ്മദ് ഇൻഫാൽ ബംഗളൂരുവിൽ പോയി 10 ഗ്രാം എം.ഡി.എം.എ 17000 രൂപക്ക് ഏജൻറ് മുഖാന്തരം വാങ്ങിക്കൊണ്ടുവന്ന് അതിൽനിന്ന് മൂന്ന് ഗ്രാം 9000 രൂപ വിലപറഞ്ഞ് ഉറപ്പിച്ച് ഇരവിപുരം റെയിൽവേ സ്റ്റേഷന് അടുത്തുള്ള സ്ഥലത്ത് സക്കീർ ഹുസൈന് കൈമാറുന്നതിനിടയിലാണ് പിടിയിലായത്. ബാക്കി വിറ്റുപോയതായി മുഹമ്മദ് ഇൻഫാൽ പറഞ്ഞു. ലഹരി മരുന്ന് ബാംഗളൂരുവിൽ പോയി വാങ്ങിവരുന്നതിന് മുൻകൂർ പണം കൊടുത്തതായി ഇവരെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായി.
ഇരവിപുരം റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്നിെൻറ ഉപയോഗവും കച്ചവടവും നടക്കുന്നതുമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവൻറിവ് ഓഫിസർ ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, ഗോപകുമാർ, ജൂലിയൻ ക്ര്യൂസ് ക്രിസ്റ്റിൻ, ഡ്രൈവർ നിതിൻ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
കൊല്ലം: പാർട്ടി ഡ്രഗിസ് എന്നറിയപ്പെടുന്ന എം.ഡി.എം.എ ബംഗളൂരു കേന്ദ്രീകരിച്ച് ചില വിദേശികളും മറ്റും ചേർന്ന് ചില രാസപദാർഥങ്ങൾ ചേർത്ത് അനധികൃതമായി ഉണ്ടാക്കുന്ന മാരക മയക്കുമരുന്നാണ്. വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ നീണ്ടുനിൽക്കുന്ന ലഹരി ലഭിക്കുമെന്നതിനാൽ നിശാപാർട്ടികളിലെ സജീവ സാന്നിധ്യമാണ്. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ ഉപയോഗിച്ചു തുടങ്ങുന്നവർ പെെട്ടന്ന് അടിമയാകും.
ഒരു ഗ്രാം 5000 - 6000 രൂപ നിരക്കിലാണ് ചില്ലറ വിൽപന നടത്തുന്നത്. പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആദ്യമൊന്നും അറിയാൻ കഴിയില്ല. മാരകമായരീതിയിൽ ലഹരിക്ക് അടിമയായി തീർന്ന് പ്രശ്നങ്ങളുണ്ടാക്കുമ്പോൾ മാത്രമാണ് ലഹരി ഉപയോഗിക്കുന്നകാര്യം അറിയുന്നത്. ഉപയോഗിക്കുന്നവരിൽ അതിമാരകമായ ശാരീരിക അസുഖങ്ങളും മാനസിക അസുഖങ്ങളും പിടിപെടാൻ സാധ്യതയേറെയാണ്.
കഴിഞ്ഞവർഷം ആശ്രാമം ഭാഗത്തുനിന്ന് 10.56 ഗ്രാമുമായി ദീപു എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. കേസിെൻറ അന്വേഷണത്തിൽനിന്ന് നിരവധി യുവാക്കളാണ് കൊല്ലം കേന്ദ്രീകരിച്ച് എം.ഡി.എം.എ ഉപയോഗിക്കുന്നതും വ്യാപാരം നടത്തുന്നതുമെന്ന് ബോധ്യപ്പെട്ടിരുന്നു.
ചാത്തന്നൂർ: കോടി രൂപവില വരുന്ന കഞ്ചാവുമായി ജില്ലയിലെ മൊത്ത വിതരണ സംഘത്തിലെ നാലുപേർ പിടിയിൽ. കാറിൽ കടത്തുന്നതിനിടെ 84 കിലോ കഞ്ചാവുമായി കോയിപ്പാട് രാജീവ് ഗാന്ധി കോളനിയിൽ വാടകക്ക് താമസിക്കുന്ന കാരംകോട് ഏറം പണ്ടാരതോപ്പിൽ രതീഷ് (37), താഴം സൗത്തിൽ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാർ (34), ചാത്തന്നൂർ കോയിപ്പാട് രാഹുൽ ഭവനിൽ വിഷ്ണു (30), കടയ്ക്കൽ ചിതറവളവ് പച്ച ഹെബിനിവാസിൽ ഹെബിമൊൻ (40) എന്നിവരാണ് പൊലീസിെൻറ വലയിലായത്.
തിങ്കളാഴ്ച രാവിലെ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ജങ്ഷനടുത്തുള്ള ഏറം മാടൻകാവ് ക്ഷേത്രത്തിന് സമീപം രണ്ട് കാറുകളിൽ കടത്താൻ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിൽനിന്ന് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതിനാണ് ചാത്തന്നൂരിൽ എത്തിച്ചത്. കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഷാഡോ സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കാരംകോട് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് രാവിലെ 11ഒാടെ ഷാഡോ പൊലിസ് കാറുകൾ വളഞ്ഞു.
പിന്നാലെ ചാത്തന്നൂർ പൊലീസും എത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി സംഘട്ടനത്തിലൂടെയാണ് പിടികൂടിയത്. യുവാക്കള്ക്കിടയില് വില്പന നടത്താനാണ് ഇവര് കഞ്ചാവ് കൊണ്ടുവന്നത്. പാർസൽപോലെ പൊതിഞ്ഞ് സെല്ലോ ടേപ്പ് െവച്ച് ഒട്ടിച്ച രണ്ടുകിലോ വരുന്ന 42 പാക്കറ്റുകളാണ് പ്രതികളിൽനിന്ന് പിടിച്ചത്. വിപണിയിൽ ഒരു കോടിയോളം വിലവരും. കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡാൻസാഫ് ടീമും ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.