കൊല്ലം: എഫ്.സി.ഐ ഗോഡൗണിൽ അട്ടിക്കൂലി പ്രശ്നത്തിൽ തുടരുന്ന തൊഴിൽ പ്രതിസന്ധിച്ച് പരിഹാരമായില്ല. കടുത്ത നടപടിയെടുക്കുമെന്ന് എഫ്.സി.ഐ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ശനിയാഴ്ചയും തൊഴിലാളികൾ പണിമുടക്കി. അട്ടിക്കൂലിയുടെ പേരിൽ സസ്പെൻഷനിലായ തൊഴിലാളികളെ തിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ, അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് തൊഴിലാളികൾ പണിമുടക്ക് തുടരുന്നത്.
അതേസമയം, കൊല്ലം എഫ്.സി.ഐ ഗോഡൗണിൽനിന്ന് സപ്ലൈകോയുടെ കൊല്ലം, കിളികൊല്ലൂർ, പരവൂർ ഗോഡൗണുകളിലേക്ക് ലോഡുകൾ കൊണ്ടുപോകാൻ രാവിലെ എത്തിയ ലോറി തൊഴിലാളികൾ ശനിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. തർക്കം തുടരുന്നത് തങ്ങളുടെ നിത്യജീവിതത്തെയും തൊഴിലിനെയും ബാധിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. കൊല്ലം എഫ്.സി.ഐ ഗോഡൗണിൽനിന്ന് സപ്ലെകോ ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന കരാറുകാരിൽ ഒരാൾ അട്ടിക്കൂലി നൽകാൻ വിസ്സമ്മതിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഇദ്ദേഹം ഉൾപ്പെടെ നൽകിയ പരാതിയിൽ അട്ടിക്കൂലി നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിരുന്നു. മറ്റ് കരാറുകാർ അട്ടിക്കൂലി നൽകാൻ തയാറായതിനാൽ അവരുടെ ലോറികളിൽമാത്രം ലോഡ് കയറ്റുകയും ഒരാളെ ഒഴിവാക്കുകയും ചെയ്തെന്നും പരാതിയുയർന്നതോടെ സപ്ലെകോ അധികൃതർ എഫ്.സി.ഐ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. വിഷയത്തിൽ ഇടപെട്ട കലക്ടർ അഫ്സാന പർവീൺ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് എഫ്.സി.ഐ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
കൊല്ലം: എഫ്.സി.ഐ ഗോഡൗണിലെ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ഭക്ഷ്യവകുപ്പ് മന്ത്രിയോടും പൊതുവിതരണ വകുപ്പ് ജില്ല സപ്ലൈ ഓഫിസറോടും ആവശ്യപ്പെട്ടു. കോവിഡിന് മുമ്പ് പ്രതിദിനം 100 ലോഡിലേറെ സാധനങ്ങള്‍ കൊല്ലം എഫ്.സി.ഐയില്‍നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നു.
എന്നാല്‍, ലോക്ഡൗണ്‍ കഴിഞ്ഞതിനുശേഷം ലോഡുകളുടെ എണ്ണം 50 മുതല്‍ 60 വരെ വെട്ടിക്കുറച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ രാവിലെ 10ന് തന്നെ പാസ് വിതരണം ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 12ന് ശേഷമാണ് പാസ് നൽകുന്നത്. മനഃപൂർവം കാലതാമസം വരുത്തി തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാവുകയും വരുമാനം കുറയുകയും ചെയ്യുന്നു.
എഫ്.സി.ഐ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്നതാണ് നടപടി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും പാസ് വിതരണം രാവിലെ തന്നെ നടത്തി തൊഴില്‍ ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.