കൊല്ലം: എഫ്.സി.ഐ കൊല്ലം മെയിൻ ഡിപ്പോയിലെ 12 തൊഴിലാളികളെ പിരിച്ചുവിടാൻ നോട്ടീസ്. തുടർച്ചയായ ദിവസങ്ങളിൽ ജോലിക്കെത്തിയില്ലെന്ന് കാട്ടി പിരിച്ചുവിടുന്നതിനുള്ള നോട്ടീസ് തൊഴിലാളികളുടെ വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് തൊഴിലാളി യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
വീണ്ടെടുപ്പ് കൂലിയുമായി ബന്ധപ്പെട്ട് എഫ്.സി.ഐ ഗോഡൗണിൽ തൊഴിലാളികൾ സമരത്തിലായിരുന്നു. ഇതേതുടർന്ന് സസ്പെൻഷനിലായിരുന്ന ആറ് സൂപ്പർവൈസർമാർ കഴിഞ്ഞ ദിവസം ജോലിക്ക് കയറാൻ നിർദേശം നൽകിയിരുന്നു. മറ്റ് തൊഴിലാളികൾ ജോലിക്കെത്തിയപ്പോൾ ഹാജർ രജിസ്റ്റർ എടുത്തുമാറ്റി. തുടർന്നാണ് ജോലിക്ക് കയറിയില്ലെന്ന ആരോപണം ഉയന്നയിച്ച് തൊഴിലാളികളെ പിരിച്ചുവിടാൻ നോട്ടീസ് അയച്ചത്.
എഫ്.സി.ഐയിൽ കോൺട്രാക്ട് വത്കരണ സാഹചര്യം ബോധപൂർവം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ പറഞ്ഞു. കരാറെടുത്ത ആലപ്പുഴ കേന്ദ്രീകരിച്ചുള്ള മൂവർ സംഘമാണ് നീക്കതിന് പിന്നിൽ. ആദ്യം മാവേലിക്കര ഗോഡൗണിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കരുനാഗപ്പള്ളി ഗോഡൗണിലും കരാറുകാരുടെ ലക്ഷ്യം വിജയിച്ചു. കൊല്ലം ഡിപ്പോയിൽ നടപ്പാക്കാൻ വന്നപ്പോഴാണ് തൊഴിലാളികൾ എതിർത്തത്. 2016 മുതൽ 2021 വരെ എഫ്.സി.ഐ ഗോഡൗണുകളിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും തൊഴിലാളി യൂനിയൻ നേതാക്കൾ പറയുന്നു.
പുതുതായി കരാർ ഏറ്റെടുത്തവർ വന്നതിനുശേഷമാണ് സ്ഥിതി വഷളായത്. 116 തൊഴിലാളികൾ വേണ്ട കൊല്ലം ഗോഡൗണിൽ നിലിവിൽ 63 പേരാണുള്ളത്. സീനിയോറിറ്റി കുറവുള്ള തൊഴിലാളികളെയാണ് ഇപ്പോൾ ചൂഷണം ചെയ്യുന്നത്. മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കത്തയച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ചൊവ്വാഴ്ച എഫ്.സി.ഐ റീജനൽ മാനേജർക്ക് കത്തയച്ചതായി എഫ്.സി.ഐ വർക്കേഴ്സ് യൂനിയൻ ജോ. കൺവീനർ എഫ്. നിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.