അഷ്ടമുടിക്ക് ഇന്ന് ആഘോഷദിനം

കൊല്ലം: അഷ്ടമുടിയുടെ ഓളപ്പരപ്പിന് ഇന്ന് വള്ളംകളിയുടെ ആഘോഷദിനം. എട്ടാമത് പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ചേർന്ന് ആവേശം തീർക്കുന്ന കാഴ്ചക്ക് മണിക്കൂറുകൾ മാത്രം ബാക്കി. ഉച്ചക്ക് 1.30 മുതല്‍ അഷ്ടമുടി കായലില്‍ ആഘോഷനിമിഷങ്ങൾക്ക് തുടക്കമാകും. കൊല്ലം ബോട്ടുജെട്ടിക്കു സമീപം അഷ്ടമുടി കായലിലെ മൂന്ന് ട്രാക്കുകളിലായാണ്‌ മത്സരം.

റാവീസ്‌ ഹോട്ടലിനു സമീപത്തുനിന്ന്‌ തുടങ്ങി കൊല്ലം ബോട്ടുജെട്ടി വരെ ഒരു കിലോമീറ്റർ നീളത്തിലുള്ള ട്രാക്കുകളിലൂടെ വമ്പൻ വള്ളങ്ങൾ വിജയം ലക്ഷ്യമാക്കി കുതിക്കും. സി.ബി.എൽ ഫൈനൽ മത്സരത്തിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്.

പ്രസിഡ്ന്റ്സ് ട്രോഫി ജലോത്സവത്തിൽ 15 വള്ളങ്ങൾ അഞ്ച് വിഭാഗങ്ങളിലായി മത്സരിക്കും. വെപ്പ് എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വനിതകളുടെ തെക്കനോടി വിഭാഗങ്ങളിലാണ് മത്സരം.

ചാമ്പ്യൻസ് ബോട്ട് ലീഗ് ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയാണ് കാഷ് അവാർഡ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം വീതമാണ് സമ്മാനത്തുക. ജലോത്സവത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും.

മാസ്ഡ്രില്‍ ഫ്ലാഗ്ഓഫ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം. ആരിഫ്, എം.എല്‍.എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, ജി.എസ്. ജയലാല്‍, പി.സി. വിഷ്ണുനാഥ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, പി.ടി.ബി.ആര്‍.എസ് സെക്രട്ടറി എന്‍. പീതാംബരക്കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളാകും.

കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ പി. ബി. നൂഹ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

എം.എല്‍.എമാരായ കെ.ബി. ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.എസ്. സുപാല്‍, സി.ആര്‍ മഹേഷ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് എന്നിവര്‍ പങ്കെടുക്കും. 

ആകെ 24 വള്ളങ്ങൾ

ജലോത്സവത്തിന്റെ മത്സരച്ചൂടുയർത്താൻ അഷ്ടമുടിയിൽ ഇറങ്ങുന്നത് 24 വള്ളങ്ങൾ. സി.ബി.എൽ ഫൈനൽ മത്സരത്തിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്. പ്രസിഡ്ന്റ്സ് ട്രോഫിക്കായി 15 ചെറുവള്ളങ്ങൾ അഞ്ച് വിഭാഗങ്ങളിലായി മത്സരിക്കും. വെപ്പ് എ ഗ്രേഡ് , വെപ്പ് ബി ട്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വനിതകളുടെ തെക്കനോടി വിഭാഗങ്ങളിലാണ് മത്സരം. 

സി.ബി.എൽ ഫൈനലിൽ മാറ്റുരക്കുന്നത് ഇവർ

  • മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ (പള്ളാതുരുത്തി ബോട്ട് ക്ലബ്)
  • നടുഭാഗം ചുണ്ടൻ (എൻ.സി. ഡി.സി ബോട്ട് ക്ലബ്)
  • ചമ്പക്കുളം ചുണ്ടൻ (കേരള പൊലീസ് ബോട്ട് ക്ലബ്‌)
  • വീയപുരം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ് )
  • പായിപ്പാടൻ ചുണ്ടൻ (വേമ്പനാട് ബോട്ട് ക്ലബ് )
  • ചെറുതന ചുണ്ടൻ (യുനൈറ്റഡ് ബോട്ട് ക്ലബ്)
  • ദേവാസ് ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്)
  • സെന്റ് പയസ് ടെൻത് ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
  • ആയാപറമ്പ് പാണ്ടി ചുണ്ടൻ (കെ.ബി.സി - എസ്.എഫ് ബോട്ട് ക്ലബ് )
Tags:    
News Summary - festival day for ashtamudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.