കൊല്ലം: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിവിധ സർക്കാർ വകുപ്പുകളുടെ സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കലക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിൽ ഉൾപ്പെട്ട ജനവിഭാഗങ്ങൾ താമസിക്കുന്ന പഞ്ചായത്തിൽ സുസ്ഥിരവികസനം അനിവാര്യമാണെന്ന് കലക്ടർ അറിയിച്ചു.
പഞ്ചായത്തിന്റെ നിലവിലെ സാഹചര്യം മറികടക്കാൻ സർക്കാറിൽനിന്ന് പ്രത്യേക ധനസഹായം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രാമപഞ്ചായത്തുകൾക്കുള്ള പൊതുആവശ്യ ഫണ്ട് ജനസംഖ്യാനുപാതികമായി വീതിക്കുമ്പോൾ മൺറോതുരുത്തിന് കുറഞ്ഞ പ്രതിമാസ വിഹിതമാണ് ലഭിക്കുന്നത്. മാനദണ്ഡത്തിൽ ഇളവ് അനുവദിച്ച് പൊതുആവശ്യ ഫണ്ട് വിഹിതം വർധിപ്പിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. കമീഷൻ അംഗം വി.കെ. ബീനാകുമാരി പെരിങ്ങാലം തുരുത്ത് സന്ദർശിച്ചു. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്തും ഗുരുതര സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയും സർക്കാറിൽനിന്നും ക്രിയാത്മക സഹായങ്ങൾ നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.