കൊല്ലം: ബുധനാഴ്ച രാത്രി 8.50ന് കടപ്പാക്കട ജില്ല ഫയർസ്റ്റേഷനിലേക്ക് വന്ന കോളിന് പിറകെ ഒന്നിനുപിറകെ ഒന്നായി ഉളിയക്കോവിലിലേക്ക് കുതിച്ചെത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾ പുകപോലും ബാക്കിയില്ലെന്ന് ഉറപ്പാക്കി ഗോഡൗൺ പരിസരത്തുനിന്ന് പോയത് വ്യാഴാഴ്ച രാവിലെ എട്ടിന്.
12 മണിക്കൂറോളം നീണ്ട ഉദ്യമത്തിൽ വിശ്രമിക്കാൻ ഒരുനിമിഷം പോലുമെടുക്കാതെ പരിശ്രമിച്ചാണ് അഗ്നിരക്ഷാസേന പുലർച്ചെ മൂന്നോടെ തീയണച്ചത്. അണക്കുന്തോറും ആളിക്കത്തിക്കൊണ്ടിരുന്ന രാസവസ്തുക്കൾ നിറഞ്ഞ കെട്ടിടത്തിനൊപ്പം കടുത്ത പുകയും രൂക്ഷഗന്ധവും അസഹ്യമായ ചൂടും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
സ്ഥിതിഗതികൾ കൈവിടുന്ന അവസ്ഥയിൽ കൊല്ലത്തെ എല്ലാ അഗ്നിരക്ഷാകേന്ദ്രങ്ങളിൽനിന്നുള്ള യൂനിറ്റുകൾ കൂടാതെ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽനിന്നും യൂനിറ്റുകൾ പാഞ്ഞെത്തി. തിരുവനന്തപുരം ജില്ലയിൽ ചാക്ക, ആറ്റിങ്ങൽ, വർക്കല നിലയങ്ങളിൽനിന്നും ആലപ്പുഴ, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽനിന്നുമാണ് യൂണിറ്റുകളെത്തിയത്.
ആകെ 20 അഗ്നിരക്ഷാകേന്ദ്രങ്ങളിൽനിന്ന് 28 യൂനിറ്റുകളാണ് പങ്കാളികളായത്. രണ്ട് ലക്ഷത്തോളം ലിറ്റർ വെള്ളമാണ് ഉപയോഗിച്ചത്. കൂടാതെ തീപടർന്നത് രാസവസ്തുക്കളിൽ ആയതിനാൽ പ്രധാനമായും ഫോം ഉപയോഗിച്ചാണ് തീയണച്ചത്. 150ഓളം അഗ്നിരക്ഷാസേനാംഗങ്ങളാണ് രാത്രിപകലാക്കി യത്നിച്ചത്.
അഗ്നിരക്ഷാസേനയുടെ പ്രവർത്തനത്തിനൊപ്പം പൊലീസിന്റെ സമയോചിത ഇടപെടലും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സഹായിച്ചു. കടുത്ത പുക പടർന്നതോടെ പരിസരവാസികളെ ഒഴിപ്പിക്കാനും ഇടുങ്ങിയ വഴിയിൽ കാഴ്ചക്കാർ നിറഞ്ഞ് അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് വഴിമുടങ്ങാതിരിക്കാനുമുള്ള ക്രമീകരണങ്ങൾ പൊലീസ് നടത്തി.
കൊല്ലം: ജില്ലയിലെ മരുന്ന് സംഭരണവും വിതരണവും വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. ഉളിയക്കോവിൽ കേന്ദ്രം ഉപയോഗശൂന്യമായതോടെ രണ്ട് പുതിയ കേന്ദ്രങ്ങളിലൂടെയായിരിക്കും ഇനി മരുന്ന് വിതരണം. തേവള്ളിയിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന്റെ സ്വന്തം കെട്ടിടത്തിലും നെടുമ്പനയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിലുമാണ് മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതെന്ന് സംഭരണകേന്ദ്രം മാനേജർ ലീന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.