കൊല്ലം: കേന്ദ്രസർക്കാരും കേരള സർക്കാർ ഫിഷറീസ് വകുപ്പും ചേർന്ന് പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി വ്യാഴാഴാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് നീണ്ടകര പോർട്ട് വാർഫിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി പർഷോത്തം രൂപാല മുഖ്യാതിഥിയാകും. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
സുരക്ഷിതമല്ലാത്ത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടംഘട്ടമായി സുരക്ഷിതമായതും സുസ്ഥിരമായതുമായ യന്ത്രവത്കൃത മത്സ്യബന്ധനരീതിയിലേക്ക് പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഫിഷറീസ് ഡയക്ടർ ഡോ. അദീല അബ്ദുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന അഞ്ച് ഗ്രൂപ്പുകൾക്കാണ് ആദ്യഘട്ടത്തിൽ ആഴക്കടൽ യാനങ്ങൾ നൽകുക. രണ്ട് ഗ്രൂപ്പുകളെയാണ് കൊല്ലം ജില്ലയിൽനിന്ന് തെരഞ്ഞെടുത്തത്.
പീറ്റർ ആന്റണി ഗ്രൂപ്പ് ലീഡറായ ഫിഷർമെൻ ഡെവലപ്മെന്റ് വെൽഫെയർ കോഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നീണ്ടകര ഉൾപ്പെടുന്ന സെന്റ് സെബാസ്റ്റ്യൻ എന്ന യാനവും ഇഗ്നേഷ്യസ് ഗ്രൂപ്പ് ലീഡറായ ജോനകപ്പുറം മുതാക്കര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഉൾപ്പെടുന്ന സെന്റ് ആന്റണി എന്ന യാനവുമാണ് ജില്ലയിൽനിന്ന് തിരഞ്ഞെടുത്തത്.
തിരുവനന്തപുരം ജില്ലയിൽനിന്നും ചിറയിൻകീഴ് മുതലപ്പൊഴി സംഘത്തിലെ ഒരു ഗ്രൂപ്പിനെയും (താഴംപള്ളി ഗ്രൂപ്പ്), മലപ്പുറം ജില്ലയിൽനിന്ന് രണ്ട് ഗ്രൂപ്പുകളെയും (താനൂർ ടൗൺ തീരദേശ സംഘ ത്തിലെ ഒരു ഗ്രൂപ്പ്, തേവർ കടപ്പുറം - ചീരാൻ കടപ്പുറം സംഘത്തിലെ ഒരു ഗ്രൂപ്പിനെയും) ആണ് തെരഞ്ഞെടുത്തത്.
പി.എം.എം.എസ്.വൈ മാർഗനിർദേശം അനുസരിച്ച് പദ്ധതി പ്രകാരം യൂനിറ്റ് ചെലവ് 120 ലക്ഷം രൂപയാണ്. അതിൽ 40 ശതമാനം സർക്കാർ സബ്സിഡിയും (24 ശതമാനം കേന്ദ്ര വിഹിതവും 16 ശതമാനം സംസ്ഥാന വിഹിതവും) 60 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.
ഗുണഭോക്തൃ ഗ്രൂപ്പുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച് വർധിച്ച മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എൻജിൻശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ഒരു യാനത്തിന്റെ വില 157 ലക്ഷം രൂപയായി ഉയർന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണഭോക്തൃവിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് സബ്സിഡി കൂടാതെ ഓരോ യൂനിറ്റിനും സംസ്ഥാന സർക്കാർ 30.06 ലക്ഷം (ഗുണഭോക്തൃവിഹിതത്തിന്റെ 30 ശതമാനം) രൂപയുടെ അധിക ധനസഹായംകുടി അനുവദിച്ചിട്ടുണ്ട്. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ജോ. ഡയറക്ടർ എച്ച്. സലിം, ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, മത്സ്യഫെഡ് മാനേജർ എം. നൗഷാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.