കൊല്ലം: ശനിയാഴ്ച വൈകീട്ട് കൊല്ലം ബീച്ചിൽ ശക്തമായ തിരയിൽ അകപ്പെട്ട അഞ്ചംഗസംഘത്തെ ലൈഫ് ഗാർഡുമാർ സാഹസികമായി രക്ഷപ്പെടുത്തി. ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ് വൻതിരയുടെ പിടിയിൽ നിന്ന് ലൈഫ് ഗാർഡുമാരുടെ സമയോചിത ഇടപെടലിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ, തുടർന്ന് വിലാസം ഉൾപ്പെടെ വിവരങ്ങൾ ചോദിച്ചതിന് സംഘം തങ്ങളോട് അപമര്യാദയായി പെരുമാറിയതായി ലൈഫ്ഗാർഡുമാർ പറയുന്നു.
ഏകദേശം 35 വയസ്സ് വീതമുള്ള യുവാവും യുവതിയും 20, 14, ഏഴ് പ്രായക്കാരായ ആൺകുട്ടികളുമാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകീട്ട് മുതൽ തുടരുന്ന ശക്തമായ കാറ്റും കനത്ത തിരയും കാരണം കനത്ത ജാഗ്രതയിലായിരുന്നു ലൈഫ് ഗാർഡുമാർ. കടലിൽ ഇറങ്ങാൻ ശ്രമിച്ചവരെ മുന്നറിയിപ്പ് നൽകി പിന്തിരിപ്പിക്കവേയാണ് അഞ്ചംഗ സംഘം തിരയിലേക്ക് ഇറങ്ങിയത്. വീശിയടിച്ച ശക്തമായ തിര ഇവരെ വലിച്ചെടുത്ത് കൊണ്ടുപോകുന്നത് കണ്ട് സമീപത്ത് തന്നെയുണ്ടായിരുന്ന മൂന്ന് ലൈഫ് ഗാർഡുകളും കടലിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു.
ഞൊടിയിടയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞത് കൊണ്ടാണ് ഇവരുടെ ജീവൻ രക്ഷിക്കാനായതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. തുടർന്ന് ലൈഫ്ഗാർഡുമാരുടെ റൂമിലെത്തിച്ചു. അപകടത്തിൽപെട്ടവർ മോശമായി പെരുമാറിയതോടെ നാട്ടുകാരും ഇടപെട്ടു. പൊലീസിനെയും വിവരമറിയിച്ചു. എന്നാൽ, വിവരങ്ങൾ ഒന്നും നൽകാതെ സംഘം കാറിൽ മടങ്ങി. ഇവർ പോയതിന് ശേഷമാണ് പൊലീസ് എത്തിയത്. ലൈഫ് ഗാർഡുമാരായ പണ്ടാരത്തുരുത്ത് സ്വദേശി ആർ. സതീഷ്, വർക്കല സ്വദേശി എം.കെ. പൊന്നപ്പൻ, ശക്തികുളങ്ങര സ്വദേശി ഷാജി ഫ്രാൻസിസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.