കൊല്ലം/പാരിപ്പള്ളി: മയക്കുമരുന്ന് വ്യപാരവും ഉപയോഗവും തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയിൽ സിറ്റി പൊലീസ് പരിധിയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി നാല് യുവാക്കൾ പിടിയിലായി. പള്ളിത്തോട്ടം എച്ച്.സി കോമ്പൗണ്ട്, ഗാന്ധി നഗർ 95, ഷിബിനാ മൻസിലിൽ നാദിർഷാ (25), തേവള്ളി പാലസ് നഗർ 71ൽ, കല്പിടാന്തി വടക്കതിൽ നിഥിൻ (23), ദേശിംഗനാട് നഗർ 34ൽ വടക്കേ മുളങ്കാടകം അഭിനന്ദ് (20), കിളികൊല്ലൂർ കോയിക്കൽ, എ.എസ് മൻസിലിൽ സെയ്ദാലി (25) എന്നിവരാണ് വിവിധ സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി അറസ്റ്റിലായത്.
പള്ളിത്തോട്ടം എച്ച്.സി കോമ്പൗണ്ടിൽ നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 1460 മി.ഗ്രാം എം.ഡി.എം.എയുമായി നാദിർഷായെ അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നിർദേശപ്രകാരം എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, സുനിൽ, എസ്.സി.പി.ഒ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കൊല്ലം ഈസ്റ്റ് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിന്റെ സീറ്റിനടിയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 855 മില്ലി ഗ്രാം എം.ഡി.എം.എയുമായി നിഥിനും അഭിനന്ദും പിടിയിലായത്. ഇൻസ്പെക്ടർ അരുണിന്റെ നിർദേശപ്രകാരം എസ്.ഐ ജിബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പാരിപ്പള്ളിയിൽ പൊലീസ് സ്റ്റേഷനിൽ പിടിയിലായ സെയ്ദാലിയിൽനിന്ന് 415 ഗ്രാം കഞ്ചാവും 3.06 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്. ഇയാൾ മുമ്പും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. യൗവ്വനക്കാർക്കും മറ്റും വിൽപന നടത്തി അമിതാദായം ഉണ്ടാക്കാൻ വേണ്ടി സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് പൊലീസ് പ്രതികളിൽനിന്ന് പിടികൂടിയത്.
സമൂഹത്തിൽ പ്രത്യേകിച്ച് യുവാക്കളിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനും ഇത്തരം ലഹരി വ്യാപാരം നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിനുമായി കർശന പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.