കൊല്ലം: കർണാടകയിൽ ബിരുദ വിദ്യാഭ്യാസത്തിന് അഡ്മിഷൻ വാങ്ങിനൽകി സ്കോളർഷിപ് ലഭ്യമാക്കാനെന്ന പേരിൽ ലോണെടുത്ത് പണം തട്ടിയതായി പരാതി. കർണാടക തിരുമനഹള്ളയിലുള്ള സ്വകാര്യ കോളജിൽ ബി.ബി.എ ഏവിയേഷൻ കോഴ്സിന് ചേർന്ന വിദ്യാർഥികളിൽ നിന്നാണ് പണം തട്ടിയത്.
200 ഓളം പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പറയുന്നു. ഇതിൽ 20 പേർക്ക് ബാങ്ക് നടപടികൾ സ്വീകരിക്കുമെന്ന് കാട്ടി നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബിരുദ കോഴ്സിന് ചേരുന്നതിനായി കുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്ന് 70,000 മുതൽ 80,000 രൂപ വരെ ഫീസിനത്തിൽ വാങ്ങുകയും ബാക്കി തുക സ്കോളർഷിപ്പായി ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.
തുടർന്ന്, അഡ്മിഷൻ തരപ്പെടുത്തി നൽകിയെങ്കിലും കോളജിൽ ഫീസ് കെട്ടുകയോ ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുകയോ ചെയ്തില്ല. സൗകര്യങ്ങളൊന്നുമില്ലാത്ത മറ്റൊരിടത്ത് താമസ സൗകര്യം ഒരുക്കി നൽകിയെങ്കിലും പിന്നീട്, അവിടെ നിന്ന് ഇറക്കിവിടുന്ന സാഹചര്യവുമുണ്ടായി.
സ്കോളർഷിപ് ലഭ്യമാക്കാനെന്ന പേരിൽ രക്ഷാകർത്താക്കളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ആധാർ, പാൻ കാർഡുകൾ എന്നിവ കരസ്ഥമാക്കി സ്വകാര്യബാങ്കിൽ നിന്ന് ഓരോ വിദ്യാർഥിയുടെയും പേരിൽ 4.5 ലക്ഷം വീതം ലോണെടുത്ത് സ്വന്തമാക്കുകയായിരുന്നു.
പണം തിരികെ നൽകാമെന്നും മറ്റും ഇടപാടുകാരനായ ശ്യാംകുമാർ എന്നയാൾ അറിയിച്ചെങ്കിലും നൽകിയില്ലെന്നും ഫീസുൾപ്പെടെയുള്ളവയിൽ മുടക്കം വരുത്തുകയും ചെയ്തു. ഇവർക്കെതിരെ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയെന്ന് വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.