കൊല്ലം: ജില്ലയിൽ കഞ്ചാവ് കേസുകള്‍ രേഖപ്പെടുത്താത്ത ദിവസങ്ങള്‍ വളരെ വിരളമായി. ജില്ലയുടെ വിവിധ ഇടങ്ങളിലായി പലപ്പോഴും കഞ്ചാവ് കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം ദിനേന വർധിക്കുകയാണ്. കഴിഞ്ഞ മേയിൽ കഞ്ചാവ് ഉൾപ്പെടുന്ന 42 എൻ.ഡി.പി.എസ് കേസുകളിലായി 43 പേരാണ് അറസ്റ്റിലായത്. കിലോക്കണക്കിന് കഞ്ചാവ് കടത്തിയ കേസുകളാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതലും അന്തർ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിലും മറ്റും അല്ലെങ്കിൽ സ്വകാര്യ വാഹനങ്ങൾ വഴിയുമാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്.
ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമ്പോഴും ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് സർക്കാർ സംവിധാനങ്ങൾക്കും നിയന്ത്രണാധീതമായി രിക്കുകയാണ്. കഴിഞ്ഞദിവസം ആന്ധ്രയിൽനിന്ന് കാറിൽ കടത്തിയ 25 കിലോ കഞ്ചാവുമായി പാരിപ്പള്ളിയിൽ രണ്ടുപേർ പിടിയിലായിരുന്നു.
യൂസ്ഡ് ആഡംബര വാഹനങ്ങൾ വാങ്ങിയശേഷം കഞ്ചാവ് കടത്തുന്നതാണ് ഇവരുടെ രീതി. ഒന്നാം പ്രതി 100 കിലോ കഞ്ചാവ് കടത്തിയ കേസിൽ വിശാഖപ്പട്ടണത്ത് അറസ്റ്റിലായി ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും കഞ്ചാവ് കടത്തിയത്. അതിന് തൊട്ടുപിന്നാലെയാണ് 30 കിലോ കഞ്ചാവുമായി അഞ്ചംഗസംഘം ബുധനാഴ്ച പിടിയിലാകുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സസ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ ലഹരിയിൽ അഭയംതേടിയിരിക്കുകയാണ് യുവതലമുറ.
സ്കൂൾ തുറക്കുന്നതിന് മുമ്പ് ആറുമാസം കൊണ്ട് എൺപത് ആയിരുന്ന കഞ്ചാവ് കേസുകൾ, അതിപ്പോൾ നൂറും അതിലധികവുമായി മാറി കഴിഞ്ഞിരിക്കുന്നു. അത്രയും തന്നെ പ്രതികളും ഈ കേസിൽ ഉൾപ്പെടുന്നുണ്ട്. സ്കൂൾ കൂടി തുറന്നതോടെ വിദ്യാർഥികളെ അടക്കം ലക്ഷ്യമിട്ടാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്.
കിലോക്കണക്കിന് കഞ്ചാവ് ജില്ലയിലെത്തിച്ച് വിദ്യാർഥികളെ ഏജന്റായും അല്ലാതെയും വിറ്റഴിക്കുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്. ജില്ലയിൽ കൗൺസലിംഗിനായി മാതാപിതാക്കൾ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണ്.
ഒരു കിലോഗ്രാം കഞ്ചാവിൽ കൂടുതൽ കൈവശം വച്ചാൽ മാത്രമേ കേസെടുക്കാൻ കഴിയു. അല്ലാത്തവ പിഴയടച്ച് വിടുകയാണ് ചെയ്യുക. ഇത് ഒരു അവസരമായിയാണ് കഞ്ചാവ് മാഫിയകൾ കാണുന്നത്. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം കേസുകൾ രജിസ്റ്റർ ചെയ്തത്. സ്കൂള്‍-കോളേജ് പരിസരങ്ങളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ 155358 എന്ന ടോൾഫ്രീ നമ്പറിലോ 1800 425 5644 നമ്പറിലോ അറിയിക്കാം. 14405 എന്ന വിമുക്തി നമ്പറിലൂടെയും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി സംബന്ധിച്ച വിവരങ്ങൾ കൈമാറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.