കൊല്ലം: മഴ കനത്തതോടെ മാലിന്യവാഹകരായിരിക്കുകയാണ് ജില്ലയിലെ തോടുകളും കായലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളും. വേനൽക്കാലത്ത് വലിച്ചെറിയപ്പെട്ടതും കെട്ടിക്കിടന്ന മാലിന്യവും മഴവെള്ളത്തിൽ ഒലിച്ചെത്തിയതോടെ ജില്ലയിലെ ജലാശയങ്ങൾ മാലിന്യം നിറയുന്ന സ്ഥിതിയാണ്. വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം മഴക്കാലത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുമ്പോഴും അധികൃതർ ആരും കാണുന്ന മട്ടില്ല.
മഴക്കാല പൂർവ ശുചീകരണം പോലും പ്രഹസനമാകുന്ന കാഴ്ചയാണ്. സംസ്കരണം കൃത്യമായി നടക്കാത്തതും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കാത്തതുമാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യം കൂന്നുകൂടാനുണ്ടായ പ്രധാന കാരണം.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്കിയാല് പാരിതോഷികവും നടപടിയും പ്രഖ്യാപിച്ചെങ്കിലും എല്ലാം മുറപോലെ തുടരുകയാണ്.
വേനൽമഴയിൽ തന്നെ മാലിന്യം നാടെങ്ങും വ്യാപിക്കുമ്പോൾ ആഴ്ചകൾക്കകം വരാനിരിക്കുന്ന കാലവർഷത്തിൽ രൂക്ഷമായ പകർച്ചവ്യാധിയിലേക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുമാകും നേരിടേണ്ടിവരുന്നത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഗാർഹിക മാലിന്യവും അറവു മാലിന്യവും യാത്രക്കാരും മറ്റും വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യവും പൊതു ഇടങ്ങളിൽ കൂട്ടിയിട്ട നിലയിലാണ്. വഴിയാത്രക്കാർ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്.
കൊല്ലത്തിന്റെ ഹൃദയഭാഗമായ ചിന്നക്കടക്ക് നാണക്കേടായി കൊല്ലം റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിലെ മാലിന്യക്കുഴി നികന്ന് ‘കുന്ന്’ ആയിക്കഴിഞ്ഞു. സമീപത്തെ കടകളിൽ നിന്നും മറ്റുമുള്ള ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ഉൾപ്പെടെ ഇടകലർന്നു കിടക്കുകയാണ്.
സമീപത്തെ ഫുട്പാത്തിലേക്കാണ് മാലിന്യം മഴയിൽ ഒലിച്ചിറങ്ങുന്നത്. ഇതുകൂടാതെ നായകളും മാലിന്യം വലിച്ച് റോഡിലേക്ക് ഇടുന്ന സ്ഥിതിയാണ്. അഷ്ടമുടിക്കായലിന് സമീപം എയറോബിക് കമ്പോസ്റ്റ് യൂനിറ്റ് പരിസരം വൻ മാലിന്യക്കൂനയായി മാറി. ഇത്തരത്തിൽ നിരവധി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് കൊല്ലം നഗരത്തിന്റെ വിവിധയിടങ്ങളിൽ ഉയർന്നത്.
യഥാസമയം നടപടി ഇല്ലാതെ വന്നതോടെ തീരദേശമേഖലയിലും വിവിധയിടങ്ങളിൽ മാലിന്യം കൂനകൂടിയത് പരിസരവാസികൾക്ക് തന്നെ ദുരിതമാകുന്ന അവസ്ഥയിലാണ്. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും ഉൾപ്പെടെ വ്യാപകമാകുന്ന ഘട്ടത്തിൽ ഇത്തരം മാലിന്യനിക്ഷേപങ്ങൾ ഒഴിവാക്കുന്നതിന് ഇനിയെങ്കിലും അധികൃതർ ഇടപെടൽ നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.