ചാത്തന്നൂർ: വയോജനങ്ങളുടെ സംരക്ഷണത്തിനായി സാമൂഹികക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചിറക്കര പഞ്ചായത്തിൽ ആരംഭിച്ച വയോജനകേന്ദ്രം പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥത മൂലം മാലിന്യനിക്ഷേപ കേന്ദ്രമായി. ഇടവട്ടത്തെ ‘സായംപ്രഭ ഹോം’എന്ന പകൽ വീടിനാണ് ദുര്യോഗം.
2010 ജൂലൈ ഒമ്പതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ‘സായംപ്രഭ ഹോം’ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ആർ. ദിപുവിന്റെ നേതൃത്വത്തിൽ വാങ്ങിയ 35 സെന്റ് സ്ഥലത്താണ് പകൽവീടിന് വേണ്ടി എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ചത്. പിന്നീട് ഇതേ വസ്തുവിൽതന്നെ ബഡ്സ് സ്കൂളിനും അംഗൻവാടിക്കും കെട്ടിടങ്ങൾ നിർമിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
പകൽ വയോജനങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണവും വിശ്രമവും ഒറ്റപ്പെടലിൽനിന്നുള്ള മോചനവും ഉറപ്പുവരുത്തുന്ന പകൽവീട് ഏറെ പ്രയോജനപ്രദമാണ്. ഇപ്പോഴും 12 വയോജനങ്ങൾ ഇവിടെയെത്തുന്നുണ്ട്. എന്നാൽ, ഈ കേന്ദ്രത്തിൽ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള അജൈവ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കുത്തിനിറക്കുന്നതിനാൽ വയോജനകേന്ദ്രമാണോ ഹരിത കർമസേനയുടെ മാലിന്യനിക്ഷേപ കേന്ദ്രമാണോ എന്ന സംശയമാണ് ജനങ്ങൾക്ക്. പഞ്ചായത്തിന്റെ നിർദേശപ്രകാരമാണ് ഹരിത കർമസേന പകൽവീടിനെ ‘ചണ്ടി ഡിപ്പോ’യാക്കി മാറ്റിയത്.
കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾനിലയിലും കിണറിന് സമീപത്തും പ്രവേശന വാതിലിനടുത്തും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. വയോജനങ്ങൾക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽവരെ മാലിന്യം ഉണ്ടായിരുന്നു. കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പൊടിഞ്ഞ് കാറ്റിൽ പറന്നുനടക്കുകയാണ്.
ഭക്ഷണത്തിലും കിണറ്റിലും ഉൾപ്പെടെ അവശിഷ്ടങ്ങൾ എത്തുന്നുണ്ട്. മാലിന്യം നീക്കണമെന്ന് പഞ്ചായത്തംഗങ്ങളും നാട്ടുകാരും പലവട്ടം ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.