കൊല്ലം: നവകേരളം കർമപദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ 768 സ്ഥാപനങ്ങൾക്ക് ഹരിത ഗ്രേഡ് ലഭിച്ചു. ആകെ 1617 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഹരിത പ്രോട്ടോകോൾ പാലനം, ഈ മാലിന്യം, ഉപയോഗശൂന്യമായ ഫർണിച്ചറുകൾ കൈമാറൽ, ജൈവ അജൈവ, ദ്രവമാലിന്യ സംസ്ക്കരണം. വൃത്തിയുള്ള ശുചിമുറി, പൊതുശുചിത്വ നിലവാരം, ജൈവ പച്ചക്കറി തോട്ടം, പൂന്തോട്ടം മഴവെള്ള സംഭരണം, ജല പുനരുപയോഗം. പച്ചത്തുരുത്ത്, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളായിരുന്നു പരിശോധനയുടെ മാനദണ്ഡം. ഹരിത സ്ഥാപനമായി തെരഞ്ഞെടുത്ത 768 സ്ഥാപനങ്ങളിൽ 200 സ്ഥാപനങ്ങൾക്ക് എ പ്ലസ് ഗ്രേഡും 568 സ്ഥാപനങ്ങൾക്ക് എ ഗ്രേഡുമാണ് ലഭിച്ചത്.
പരിശോധന നടത്തിയ 1617 സ്ഥാപനങ്ങളിൽ 849 സ്ഥാപനങ്ങൾക്ക് ഗ്രേഡ് ലഭിച്ചില്ല. കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി ജില്ലയെ പരമാവധി ഹരിത ഓഫിസ് പദവിയിൽ എത്തിക്കാൻ ശ്രമിക്കുന്നതായി ഹരിത കേരളം മിഷൻ അധികൃതർ അറിയിച്ചു. ഹരിതസ്ഥാപനം കാമ്പയിനിൽ പങ്കെടുത്ത മുഴുവൻ സ്ഥാപനങ്ങളെയും തുടർ പ്രവർത്തനങ്ങൾക്ക് സഹായകരമാക്കുന്നതിനായി വ്യാപാരി വ്യവസായി സമിതി, വിവിധ സംഘടന പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവരെയും പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 15ന് മുമ്പായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത ഓഫിസ് സർട്ടിഫിക്കറ്റ് വിതരണവും പൂർത്തീകരിക്കും.
കൊല്ലം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വീടുകളിലെയും മെഡിക്കൽ ഷോപ്പുകളിലെയും കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്നുകൾ, മെഡിസിൻ സ്ട്രിപ്പുകൾ തുടങ്ങിയവ ഹരിതകർമസേന വഴി ക്ലീൻ കേരള കമ്പനി സൗജന്യമായി ശേഖരിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ ആവശ്യമായ ഗാർബേജ് ബാഗുകൾ ഹരിത കർമസേനകൾക്ക് ശുചിത്വ മിഷൻ മുഖേന ലഭ്യമാക്കും. ശേഖരിക്കുന്ന മരുന്ന് സ്ട്രിപ്പുകളും ഉപയോഗ ശൂന്യമായ മരുന്നുകളും തദ്ദേശസ്ഥാപനങ്ങളിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി/റിസോഴ്സ് റിക്കവറി ഫെസിലിറ്റികളിലാണ് സൂക്ഷിക്കേണ്ടത്. മാർച്ച് 15 വരെ ഇത്തരം മാലിന്യം ശേഖരിക്കും. 20 മുതൽ ക്ലീൻ കേരള കമ്പനി എം.സി.എഫ്/ആർ.ആർ.എഫുകളിൽനിന്ന് സൗജന്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനായി കൈമാറും. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ശേഖരിച്ച മരുന്നുകളുടെയും മെഡിസിൻ സ്ട്രിപ്പുകളുടെയും അളവ് ക്ലീൻ കേരള കമ്പനി ജില്ല മാനേജരെയോ സെക്ടറൽ കോഓഡിനേറ്റർമാരെയോ അറിയിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.