ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന ജി​ല്ല വി​ക​സ​ന​സ​മി​തി യോ​ഗം

ആശുപത്രികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം - ജില്ല വികസന സമിതി

കൊല്ലം: ജില്ലയിലെ വിവിധ ഇടങ്ങളില്‍ നേരിടുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനും സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നിർദേശിച്ച് ജില്ല വികസന സമിതി യോഗം.

നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ അത്യാവശ്യ ജീവനക്കാരുടെ നിയമനം സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയുടെ നിര്‍ത്തിവെച്ച സര്‍വിസുകള്‍ പുനരാരംഭിക്കണം. വികസന പദ്ധതികളുടെ നടത്തിപ്പില്‍ ജില്ല ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും എം.എല്‍.എ വ്യക്തമാക്കി.

സുരക്ഷിതത്വം ഉറപ്പാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് സാമ്പ്രാണികോടി ടൂറിസം പദ്ധതി പുനരാരംഭിക്കണമെന്ന് എം. മുകേഷ് എം.എല്‍.എ നിർദേശം നല്‍കി. പെരുമണ്‍ റോഡ് നിര്‍മാണം നവംബര്‍ 31നകം പൂര്‍വസ്ഥിതിയിലാക്കണം. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ കുഴല്‍ കിണറിന്റെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷന്‍, എക്‌സൈസ് കോംപ്ലക്‌സ് കെട്ടിടം എന്നിവയുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗത്തിനോട് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

ശാസ്താംകോട്ട സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനവും കൃത്യതയോടെ നടപ്പാക്കണം. മൈനാഗപ്പള്ളി റെയിൽവേ മേല്‍പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കലക്ടര്‍ യോഗം വിളിക്കണമെന്നും നിർദേശിച്ചു.

ചിതറ പഞ്ചായത്തിലെ അനധികൃത ക്വാറിയില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി ബുഹാരി ആവശ്യപ്പെട്ടു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണം.

ആയിരവില്ലി പാറഖനന വിഷയത്തില്‍ ജില്ല ഭരണകൂടത്തിന്റെ അടിയന്തരശ്രദ്ധ ആവശ്യപ്പെട്ടു. മണ്‍റോതുരുത്ത് പി.എച്ച്.സിയില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.

ആലപ്പാട് പുലിമുട്ട് നിര്‍മാണത്തിനുള്ള പാറയുടെ ലഭ്യത ഉറപ്പുവരുത്താനും ചിറ്റുമൂല, മാളിയേക്കല്‍, കാട്ടില്‍കടവ് മേല്‍പാലങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാനും സി.ആര്‍. മഹേഷ് എം.എല്‍എയുടെ പ്രതിനിധി സജീവ് മാമ്പറ നിർദേശം നല്‍കി.

അരിയടക്കമുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനും ഹോട്ടലുകളിലെ വില നിയന്ത്രണത്തിനും നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ.എസ്. വേണുഗോപാല്‍ ആവശ്യപ്പെട്ടു. എ.ഡി.എം ആര്‍. ബീനാറാണി അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കുര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Hospital facilities should be improved - District Development Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.