കൊല്ലം: കരുനാഗപ്പള്ളി ആലുംകടവിൽ കായലിൽ കക്ക വാരാൻ സുഹൃത്തുക്കളോടൊപ്പം ഇറങ്ങിയ യുവാവിന്റെ കുസൃതി നാടിനെ മണിക്കൂറുകളോളം മുൾമുനയിലാക്കി. ഉച്ചക്ക് 12ഓടെ രണ്ട് സുഹൃത്തുക്കളോടൊപ്പം കക്ക വാരാൻ എത്തിയ യുവാവ് ആരോടും പറയാതെ വീട്ടിലേക്ക് പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
തങ്ങൾക്കൊപ്പം വെള്ളത്തിൽ മുങ്ങി കക്ക വാരിക്കൊണ്ടിരുന്ന സുഹൃത്തിനെ പെട്ടെന്ന് കാണാതായതോടെ യുവാക്കൾ പരിഭ്രാന്തരായി. ഇയാൾ ഏറ്റവും ഒടുവിൽ വെള്ളത്തിൽ മുങ്ങുന്നതാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കണ്ടത്. പിന്നീട് കക്ക വാരുന്നതിൽ ശ്രദ്ധിച്ചിരുന്ന ഇരുവരും 12.30ഓടെ നോക്കിയപ്പോഴാണ് ആളെ കാണാതായത്. ഫോണും വസ്ത്രങ്ങളും ഉൾപ്പെടെ കരയിലുണ്ടായിരുന്നു. തുടർന്ന് ഇരുവരും മണിക്കൂറുകൾ പരിസരത്ത് മുഴുവൻ തിരച്ചിൽ നടത്തി. 2.30 പിന്നിട്ടിട്ടും കാണാതായതോടെ യുവാവ് വെള്ളത്തിൽ മുങ്ങിപ്പോയെന്ന് കരുതിയ ഇവർ ഉടൻ പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു. തുടർന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി മൂന്നോടെ തിരച്ചിൽ ആരംഭിച്ചു.
തിരച്ചിൽ നാലര പിന്നിട്ട് മുന്നേറവെ പ്രദേശവാസിയായ മറ്റൊരു യുവാവ് വിവരമറിഞ്ഞ് തിരച്ചിൽ കാണാൻ സ്ഥലത്തെത്തി. ആരാണ് വെള്ളത്തിൽ പോയതെന്ന് ഈ യുവാവ് അന്വേഷിച്ചതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്. കാണാതായി എന്ന് പറയുന്ന യുവാവിനെ താൻ കുറച്ചുമുമ്പ് നേരിൽ കണ്ടതായും സി.സി.ടി.വി ഉള്ള സ്ഥലത്ത് നിന്ന് സംസാരിച്ചിരുന്നു എന്നും യുവാവ് പറഞ്ഞു.
ഇതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തി. യുവാവ് പറഞ്ഞ സ്ഥലത്തെ സി.സി.ടി.വി കാമറ ദൃശ്യം പരിശോധിച്ചതോടെയാണ് ‘കാണാതായ’ ആൾ സുരക്ഷിതനാണെന്ന് ബോധ്യമായത്. ഇതോടെ അഗ്നിരക്ഷാസേനയും പൊലീസും തിരിച്ചുപോവുകയായിരുന്നു. മണിക്കൂറുകളോളം ഭീതിമുനയിലായിരുന്ന നാട്ടുകാർ ഒടുവിൽ ‘പുലിവാൽ കല്യാണം’ സീൻ ഓർത്ത് ചിരിച്ചുകൊണ്ടാണ് സ്ഥലംവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.