കൊല്ലം: വീട്ടമ്മയെ ബലമായി കാറിൽ കയറ്റി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഇരവിപുരം പന്ത്രണ്ടുമുറി നഗർ 84ൽ എഫ്.ആർ.ജെ മൻസിലിൽ ഫിറോസിനെ (39) ആണ് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി വെറുതേ വിട്ടത്. 2012 മേയ് 31നും ജൂണിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതിന്റെ ഫോട്ടോകൾ കാണിക്കാനെന്ന വ്യാജേന വീട്ടമ്മയെ വിളിച്ചു വരുത്തിയശേഷം കാറിലേക്ക് വലിച്ചിട്ട് മർദിച്ച് ബലാത്സംഗം ചെയ്തുവെന്നതായിരുന്നു കേസ്. തന്റെ നഗ്ന ചിത്രങ്ങൾ സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റൊരു ദിവസവും പ്രതി പീഡിപ്പിച്ചെന്നും വീട്ടമ്മ കോടതിയിൽ മൊഴി നൽകിയിരുന്നു. പിന്നീട് പലരോടുമൊപ്പം പോകണമെന്നാവശ്യപ്പെട്ടപ്പോൾ ഭർത്താവിനോട് പറയുകയും പൊലീസിൽ പരാതിപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. സംഭവശേഷം ഗൾഫിലേക്ക് പോയ ഫിറോസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വർഷങ്ങൾക്കുശേഷം മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ മുംബൈ പൊലീസ് കേരള പൊലീസിന് കൈമാറി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വീട്ടമ്മയും ഭർത്താവുമുൾപ്പടെ 20 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കി. പ്രതിക്കെതിരെയുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്നും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിക്ക് വേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ആർ.എസ്. പ്രശാന്ത് എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.