കൊല്ലം: ചെറിയവെളിനല്ലൂർ ആയിരവില്ലിപാറക്ക് കലക്ടർ നൽകിയ ഖനനാനുമതി റദ്ദ് ചെയ്ത് ഇവിടം ടൂറിസ്റ്റ് കേന്ദ്രമാക്കി സംരക്ഷിക്കണമെന്ന് ആയിരവില്ലി പാറ-ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഖനനാനുമതി ഉടൻ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകീട്ട് നാലിന് റോഡുവിള മുതൽ കാരാളികോണം വരെ അയ്യായിരത്തോളം പേരെ പങ്കെടുപ്പിച്ച് മനുഷ്യച്ചങ്ങല തീർക്കും.
വിശ്വാസത്തെയും പ്രകൃതിയെയും സംരക്ഷിക്കുക, ആയിരവില്ലി പാറയിലെ ജൈവ വൈവിധ്യം സംരക്ഷിച്ച് പ്രദേശം ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക, ഖനനാനുമതി റദ്ദ് ചെയ്യുക, തെരുവിൻഭാഗം പ്ലാന്റേഷനിലെ അനധികൃത ഭൂമി കൈയേറ്റം സർക്കാർ കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടുവെക്കുന്നത്.
പാറ ഖനനത്തിന് 2022ൽ കലക്ടർ നൽകിയ എൻ.ഒ.സി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി, വ്യവസായ മന്ത്രി, ടൂറിസം വകുപ്പ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കൃഷി മന്ത്രി, കലക്ടർ, ഫോറസ്റ്റ് ഡിപ്പാർട്മെന്റ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിവേദനങ്ങൾ നൽകി. 56 ദിവസമായി ചെറിയവെളിനല്ലൂർ ക്ഷേത്രത്തിന്റെ സമീപത്ത് നിരാഹാരസമരം നടന്നുവരികയാണ്. 2014 മുതൽ പാറ ഖനനത്തിനെതിരെ ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും സമരത്തിലാണ്. രണ്ട് പതിറ്റാണ്ടായി നടക്കുന്ന ഖനനം മൂലം നാല് വലിയ പാറകൾ നില നിന്നിരുന്ന പ്രദേശം ഇപ്പോൾ ഒരു ജല ബോംബായി ഏതു നിമിഷവും അപകടമുണ്ടാക്കാവുന്ന സ്ഥിതിയിലായി. മൂന്ന് ക്രഷർ യൂനിറ്റുകളും ഒരു ടാർ മിക്സിങ് യൂനിറ്റും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ആയിരവില്ലി പാറ സംരക്ഷണത്തിന് വിവിധ സമരമാർഗങ്ങളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം സെക്രട്ടറി ബൈജു ചെറിയവെളിനല്ലൂർ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം സലാഹുദ്ദീൻ, ഇളമാട് ഗ്രാമപഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ എം. താജുദ്ദീൻ, റിട്ട. അധ്യാപകൻ പി.ജെ. ചാക്കോ, ജില്ല പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ജനറൽ കൺവീനർ എ.എ. കബീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.