കൊല്ലം: റേഷൻ വ്യാപാരികൾക്ക് കമീഷൻ ലഭിച്ചിട്ട് മൂന്ന് മാസം. കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, കൊല്ലം താലൂക്കുകളിലെ വ്യാപാരികൾക്കാണ് ആഗസ്റ്റ് മുതലുള്ള കമീഷൻ ലഭിക്കാത്തത്. ഉദ്യോഗസ്ഥരോട് അന്വേഷിച്ചാൽ സോഫ്റ്റ്വെയറിന്റെ കുഴപ്പമാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ദൈനംദിന ചെലവിനുപോലും പണമില്ലാതെ ഇവർ ബുദ്ധിമുട്ടുകയാണ്.
ഗോതമ്പിനുപകരം ആട്ട ലഭ്യമാക്കുന്ന പദ്ധതിയും ജില്ലയിൽ കാര്യക്ഷമമല്ല. കാർഡ് ഉടമകളുടെ ഗോതമ്പ് ഈ പേര് പറഞ്ഞ് എടുക്കുന്നതല്ലാതെ കൃത്യമായി ആട്ട തിരികെ കൊടുക്കുന്നില്ല. കൊട്ടാരക്കര താലൂക്കിൽ പ്രശ്നം ഗുരുതരമാണ്. കഴിഞ്ഞമാസം പകുതിയോളം കാർഡ് ഉടമകൾക്ക് ആട്ട കൊടുത്തിട്ടില്ല.
പല കടകളിലും ആട്ട സ്റ്റോക്കില്ല. ഇടക്കിടെ പ്രഖ്യാപിക്കുന്ന സ്പെഷൽ അരി പ്രഖ്യാപനത്തിൽ ഒതുങ്ങി. മറ്റു വിഭാഗങ്ങളിൽ നിന്ന് അരി വകമാറ്റുമ്പോൾ സാധാരണ റേഷനും സ്പെഷൽ റേഷനും വിതരണത്തിന് തികയാതെ വരുന്നത് വ്യാപകമാണ്.
കമീഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യാതിരിക്കുകയും റേഷൻ സാധനങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള നടപടി കൈക്കൊള്ളാതിരിക്കുകയും ചെയ്താൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി ലാലു കെ. ഉമ്മൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.