കൊല്ലം: ജൽജീവൻ മിഷൻ പദ്ധതി വഴി ഇനി ജില്ലയിൽ നൽകാനുള്ളത് 207541 കണക്ഷനുകൾ. ഏറെ കൊട്ടിഗ്ഘോഷിച്ച് ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പിൽ വേഗം പോരെന്ന ആക്ഷേപവും നിലനിൽക്കുന്നു. ആകെ 611754 ഗ്രാമീണ വീടുകളിൽ 404213 ഇടങ്ങളിൽ കണക്ഷനുകൾ നൽകിയതായാണ് ഔദ്യോഗിക കണക്ക്. പദ്ധതി നിലവിൽവരുന്നതിനു മുമ്പ് 147779 കുടിവെള്ള കണക്ഷനുകളുണ്ടായിരുന്നത് ജൽജീവൻ മിഷൻ നടപ്പായതോടെ 256434 ആയി വർധിച്ചു.
438470 കണക്ഷനുകൾക്കാണ് ഭരണാനുമതി ലഭിച്ചത്. 2021-22 വർഷമാണ് കൂടുതൽ കണക്ഷനുകൾ നൽകിയത് (112275). 2020-21ൽ 30631 കണക്ഷനും 2022-23ൽ 93342 കണക്ഷനും നൽകി. 2023-24 വർഷം ഇതുവരെ 20186 കണക്ഷനുകളാണ് ലഭ്യമാക്കിയത്. ജില്ലയിൽ ആലപ്പാട്, കുണ്ടറ, മൺറോതുരുത്ത്, മൈനാഗപ്പള്ളി, നീണ്ടകര, ശാസ്താംകോട്ട, തേവലക്കര, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിൽ പദ്ധതി പുർത്തീകരിക്കാനായതായും ജലജീവൻ മിഷൻ പദ്ധതി പുരോഗതി സംബന്ധിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു.
പദ്ധതിയുടെ സംസ്ഥാനതലത്തിലുള്ള പ്രവർത്തന പുരോഗതിയിൽ കൊല്ലം ഒന്നാംസ്ഥാനത്താണ്. തിരുവനന്തപുരം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിൽ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ 90 ശതമാനം സബ്സിഡിയോടെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിനായാണ് ജൽജീവൻ മിഷൻ പദ്ധതിക്ക് രൂപം നൽകിയത്.
അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണന ക്രമമനുസരിച്ച് കുടിവെള്ള കണക്ഷൻ ലഭിക്കും. കേന്ദ്ര മാനദണ്ഡമനുസരിച്ച് പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കുമാണ്. അതേസമയം, ജൽജീവൻ മിഷൻ പദ്ധതി വ്യപകമായെങ്കിലും ജില്ലയിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പൂർണപരിഹാരം അകലെയാണ്. കിഴക്കൻ മേഖലയിലടക്കം മിക്ക പഞ്ചായത്തുകളിലും കുടിവെള്ള ദൗർലഭ്യം നിലനിൽക്കുന്നു. ജൽജീവൻ മിഷൻ പദ്ധതി കൂടുതൽ മേഖലകളിലേക്ക് എത്തുന്നതോടെ ജലക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.