കടയ്ക്കല്‍: കടയ്ക്കല്‍ ജങ്ഷനില്‍ പ്രവത്തിക്കുന്ന ബേക്കറിയില്‍ തീപിടിത്തം. മങ്കാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ഭാഗമായുള്ള കടയ്ക്കല്‍ ജങ്ഷനിലെ താലൂക്കാശുപത്രിക്ക് മുന്നിലെ ബേക്കറിക്കാണ് തീപിടിച്ചത്. സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. ഞായറാഴ്ച വെളുപ്പിന് 3.25 നായിരുന്നു സംഭവം. പത്രക്കെട്ടുകളുമായി വന്ന വാഹനത്തിലെ ജീവനക്കാരാണ് കടയില്‍നിന്നു പുക ഉയരുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.
തീയണച്ച ശേഷം പൂട്ടുപൊളിച്ച് അകത്തുകടന്ന അഗ്നിരക്ഷാസേന പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെ പുറത്തേക്ക് മാറ്റി. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. വൈദ്യുതി ബോര്‍ഡിന്റെ വിദഗ്ധ വിഭാഗം തിങ്കളാഴ്ച സ്ഥലത്തെത്തി അന്വേഷണം നടത്തും. അഗ്നി രക്ഷാനിലയം അസി. സ്റ്റേഷന് ഓഫിസര്‍ ടി. വിനോദ് കുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.