കടയ്ക്കൽ: കടയ്ക്കൽ മേഖലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ ഭീഷണിയാകുന്നു. ഇടറോഡുകൾപോലും ടിപ്പറുകൾ കൈയടക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും റോഡിന്റെ തകർച്ചക്കും ഭീഷണിയായ ടിപ്പറുകളെ നിയന്ത്രിക്കാനാരുമില്ല.
ചിതറ, കുമ്മിൾ പഞ്ചായത്ത് മേഖലകളിലാണ് കൂടുതൽ ക്വാറികളും ക്രഷർ യൂനിറ്റുകളും പ്രവർത്തിക്കുന്നത്. ചിതറയിലെ ചക്കമലയിലും പരിസരങ്ങളിലുമായി മൂന്നിലധികം വൻകിട ക്വാറി/ ക്രഷർ യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുമ്മിൾ കടയ്ക്കൽ, ഇട്ടിവ പഞ്ചായത്തുകളിലും വിഴിഞ്ഞം പദ്ധതിക്കായി പാറ നൽകുന്നതടക്കമുള്ള നിരവധി ക്വാറികളും പ്രവർത്തിക്കുന്നുണ്ട്.
ഇവിടങ്ങളിൽനിന്ന് പാറയും അനുബന്ധ സാധനങ്ങളും കൊണ്ടുപോകുന്നതിനായി നാനാഭാഗങ്ങളിൽനിന്നാണ് ടിപ്പറുകളെത്തുന്നത്. പുലർച്ച മൂന്നുമുതൽ അമിത വേഗത്തിൽ ടിപ്പറുകൾ പായുന്നു. സംസ്ഥാന പാതയായ പാരിപ്പള്ളി - മടത്തറ റോഡിനെ കൂടാതെ ചടയമംഗലം - ചിങ്ങേലി - പാങ്ങോട്, അഞ്ചൽ - കടയ്ക്കൽ, കിളിമാനൂർ - തൊളിക്കുഴി-കുമ്മിൾ റോഡുകളിലും പാറയും മെറ്റിൽ ഉൾപ്പെടെയുള്ള സാധനങ്ങളും അമിതമായി കയറ്റിയാണ് പാച്ചിൽ. അനുവദിച്ചിട്ടുള്ള സമയക്രമങ്ങളൊന്നും ഇവക്ക് ബാധകമല്ല.
അമിത ലോഡ് കയറ്റിയ ടിപ്പർ ലോറി ചടയമംഗലം മുസ്ലിം ജമാഅത്തിന്റെ മതിൽ തകർത്തതും കുമ്മിൾ തുളസി മുക്കിൽ ടിപ്പറുകൾ കൂട്ടിയിടിച്ച് ഒന്നിന്റെ ബോഡിയൊന്നാകെ ഇളകി റോഡിൽ തെറിച്ചുവീണതും വിഴിഞ്ഞം പദ്ധതിക്ക് വേണ്ട കൂറ്റൻ പാറയുമായി പോയ ടിപ്പർ ഊന്നൻ കല്ല് ഭാഗത്ത് മറിഞ്ഞതും നടപാറയിൽ ലോറിയിൽനിന്ന് പാറ റോഡിലേക്ക് വീണ അപകടത്തിൽനിന്ന് വീട്ടമ്മ കഷ്ടിച്ച് രക്ഷപ്പെട്ടതുമായ സംഭവങ്ങൾ അടുത്തിടെ നടന്നതാണ്.
ടിപ്പറുകളുടെ നിരന്തര ഓട്ടം അടുത്തിടെ നവീകരിച്ച ചടയമംഗലം - ചിങ്ങേലി - പാങ്ങോട് റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെയും കടയ്ക്കൽ സീഡ് ഫാം - ടൗൺഹാൾ റോഡുപോലുള്ള ഒട്ടേറെ ഇടറോഡുകളുടെയും തകർച്ചക്ക് കാരണമായി. ടിപ്പർ പാച്ചിലിൽ റോഡിൽ അസഹ്യമായി പൊടി ഉയരുന്നതും നാട്ടുകാരുടെ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. സമരപരിപാടികളുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.