കടയ്ക്കൽ: തകർന്ന റോഡുകളും താളംതെറ്റിയ ഗതാഗതവും കടയ്ക്കൽ ടൗണിനെ വീർപ്പ് മുട്ടിക്കുന്നു. ഭൂരിഭാഗം റോഡുകളിലൂടെയും നടക്കാൻകൂടി കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡുകളാണ് തകർന്നത്. വൺവേ റോഡും സീഡ്ഫാം - ടൗൺ ഹാൾ റോഡും പൂർണമായി തകർന്നു. വൺവേ റോഡ് നവീകരണത്തിനായി ഒരുമാസത്തിന് മുമ്പ് അടച്ചെങ്കിലും നവീകരണം നിലച്ചു.
ചന്തമുക്ക് മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം ഒരു കോടിയോളം മുടക്കി പുനരുദ്ധരിക്കുകയായിരുന്നു പദ്ധതി. കയറ്റം കുറച്ചുള്ള നവീകരണമായിരുന്നു ലക്ഷ്യം. ഇതിനായി ചന്തമുക്ക് മുതൽ പോസ്റ്റ് ഓഫിസ് ജങ്ഷൻ വരെയുള്ള റോഡ് ഇടിച്ചു താഴ്ത്തി. ശേഷം പണി നിലച്ചു. ഇതിനിടെ രാത്രി പെയ്തമഴയിൽ റോഡിൽ ഇളക്കിയിട്ടിരുന്ന മണ്ണും മഴവെള്ളവുംചന്തമുക്കിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകളിലേക്ക് ഒഴുകിയെത്തി നാശമുണ്ടാക്കി.
വൺവേ റോഡ് അടച്ചതുമൂലം ടൗണിൽ വാഹനത്തിരക്കും അപകടങ്ങളും പതിവായി. സീഡ്ഫാം ജങ്ഷനിൽനിന്ന് അഞ്ചുമുക്ക് വഴി ടൗൺഹാൾ ജങ്ഷനിലേക്കുള്ള റോഡും തകർന്നിട്ട് വർഷങ്ങളായി. കടയ്ക്കൽ ടൗണിൽ എത്താതെ മടത്തറ റോഡിൽനിന്ന് അഞ്ചൽ റോഡിലെത്തുന്ന ഈ പാതയും തിരക്കേറിയതാണ്.
കുഴിയിൽ വീണ് വാഹനങ്ങൾക്ക് തകരാറുണ്ടാവുന്നതും പതിവാണ്. വമ്പൻ കുഴികൾ നികത്തുന്നതിനായി കിളിമരത്ത് കാവ് ക്ഷേത്രത്തിന് സമീപവും അഞ്ചുമുക്കിലും ആഴ്ചകൾക്ക് മുമ്പ് ലോഡ് കണക്കിന് മണ്ണ് കൊണ്ടുവന്ന് തട്ടിയെങ്കിലും തുടർപ്രവൃത്തി നടന്നില്ല. ഗതാഗതത്തിന് ഭീഷണിയായി മൺകൂനകൾ ഇപ്പോഴും അങ്ങനെ കിടക്കുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെ മെല്ലെപ്പോക്ക് നയത്തിലാണ് പഞ്ചായത്ത് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.