കടയ്ക്കൽ: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട ടിപ്പർ നിർത്തിയിട്ടിരുന്ന കാറുകളിലേക്കും ഇരുചക്രവാഹനത്തിലേക്കും ഇടിച്ചു കയറി. ടിപ്പർ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർ ഇടമുളയ്ക്കൽ അനിൽ വിലാസത്തിൽ അനിൽകുമാർ (42), കാറിലുണ്ടായിരുന്ന ചിതറ വളവുപച്ച നാസിം മൻസിലിൽ നസീർ (50), ഭാര്യ സീനത്ത് (42) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ സീനത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കൽ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.50ന് കടയ്ക്കൽ ടൗണിലായിരുന്നു സംഭവം.
ചിതറയിൽനിന്നും എം സാൻഡുമായി നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ. ടൗണിൽ ബസ് സ്റ്റാൻഡ് കഴിഞ്ഞപ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം നിർത്തി ഹാൻഡ് ബ്രേക്ക് ഇടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുന്നോട്ട് നീങ്ങിയ ടിപ്പർ അറഫാ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലും സ്കൂട്ടറിലും ഇടിച്ച ശേഷമാണ് ആളിരുന്ന കാറിൽ ഇടിച്ചത്. കാറുമായി മുന്നോട്ട് നീങ്ങിയ ടിപ്പർ സമീപത്തെ ട്രാൻസ്ഫോർമറിന് മുന്നിലുള്ള വൈദ്യുത തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
തൂൺ ഒടിഞ്ഞ് വീണു. തൂണിനും ടിപ്പറിനുമിടയിൽ ഞെരുങ്ങിപ്പോയ കാർ നാട്ടുകാരും അഗ്നിരക്ഷ സേനയും പോലീസും ചേർന്ന് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിന് അഞ്ച് മിനിറ്റ് മുമ്പ് ടൗണിലെ അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിതരണം നിർത്തിവെച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് കടയ്ക്കൽ - നിലമേൽ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.