കണ്ണനല്ലൂർ: സ്കൂൾ പരിസരങ്ങളിലും ബസ് സ്റ്റോപ്പുകളിലും ബൈക്കിൽ കറങ്ങി നടന്നവരും ബൈക്ക് രൂപമാറ്റം വരുത്തിയവരും പിടിയിലായി. കണ്ണനല്ലൂർ പൊലീസ് സംഘടിപ്പിച്ച ‘ഓപറേഷൻ സ്പൈഡർ’ പ്രോഗ്രാമിന്റെ ഭാഗമായി കണ്ണനല്ലൂർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ മുപ്പതോളം ബൈക്കുകൾ പിടികൂടി.
ലൈസൻസ് ഇല്ലാതെയും ട്രിപ്പിൾറൈഡും അമിതവേഗതയും മൊബൈൽ ഉപയോഗിച്ചും മതിയായ രേഖകൾ ഇല്ലാതെയും ശരിയായ നമ്പർപ്ലേറ്റ് ഇല്ലാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ, മുട്ടക്കാവ്, പള്ളിമൺ, നല്ലില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. സ്കൂൾ സമയത്ത് ഓടിയ ടിപ്പറും പിടികൂടി.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പൂവാലശല്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ‘ഓപറേഷൻ സ്പൈഡർ’ പ്രോഗ്രാം സംഘടിപ്പിച്ചത്. പിടിച്ചെടുത്ത വാഹനങ്ങൾക്കും ഉടമകൾക്കും ഓടിച്ചവർക്കുമെതിരെ കർശന നടപടി ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കണ്ണനല്ലൂർ എസ്.എച്ച്.ഒ വി. ജയകുമാർ അറിയിച്ചു.
കണ്ണനല്ലൂർ എസ്.എച്ച്.ഒ വി. ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. അരുൺഷാ, എസ്.ഐമാരായ ഹരി സോമൻ, രാജേന്ദ്രൻ പിള്ള, എസ്.സി.പി.ഒമാരായ പ്രമോദ്, ഹുസൈൻ, മനാഫ്, അനൂപ്, സജി, അനിൽ, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.