കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ അഗ്നിരക്ഷാ സേനക്കായി നിർമിച്ച പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷന് തെക്കുഭാഗത്തായി സർക്കാർ അനുവദിച്ചുനൽകിയ സ്ഥലത്താണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
പുതിയ ഫയർസ്റ്റേഷൻ കെട്ടിടത്തിൽ സ്റ്റേഷൻ ഓഫിസ് റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, വിശ്രമമുറി, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി ആൻഡ് റീഡിങ് റൂം, ഭൂഗർഭ ടാങ്ക്, ഓവർ ഹെഡ് ടാങ്ക്, കുഴൽ കിണർ, ഗാരേജ് എന്നീ സൗകര്യങ്ങളാണുള്ളത്. വനിത ജീവനക്കാർക്കായി പ്രത്യേക വിശ്രമമുറി പുതുതായി ക്രമീകരിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനു സമീപത്ത് 2019 ജനുവരി 19ന് ആഭ്യന്തര വകുപ്പ് വിട്ടുനൽകിയ 20 സെൻറ് സ്ഥലത്താണ് കെട്ടിട സമുച്ചയം പൂർത്തിയായത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലവും കെട്ടിട നിർമാണത്തിനുമായി 3,70,40,000 രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം.
കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി. സദാശിവൻ, ശ്രീദേവി, ബിന്ദു രാമചന്ദ്രൻ, നഗരസഭ വൈസ് ചെയർപേഴ്സൺ എ. സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി. മീന, റെജി ഫോട്ടോപാർക്ക്, ജില്ല ഫയർ ഓഫിസർ വിശി വിശ്വനാഥ്, കെ. ഹരികുമാർ, ഐ. ഷിഹാബ് എന്നിവർ പങ്കെടുത്തു. കരാറുകാരൻ പാലക്കോട്ട് സുരേഷിനെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.