കരുനാഗപ്പള്ളി: ആലപ്പുഴ ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കരുനാഗപ്പള്ളിയുടെ ചരിത്രം ഇടതിന്റെ കൂടിയാണ്. സ്വതന്ത്ര സ്വഭാവമുള്ള രണ്ട് യു.ഡി.എഫ് സ്ഥാനാർഥികളും നിലവിലെ എം.എൽ.എ സി.ആർ. മഹേഷും ഒഴിച്ചാൽ കരുനാഗപ്പള്ളി ഇടതിനൊപ്പമാണ് നിലയുറപ്പിച്ചത്. കുലശേഖരപുരം, ഓച്ചിറ, തഴവ, ക്ലാപ്പന, തൊടിയൂർ, കരുനാഗപ്പള്ളി നഗരസഭ എന്നിവ ഇപ്പോഴും എൽ.ഡി.എഫിനായിരിക്കെ ആലപ്പാട് ഗ്രാമപഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ ജനവിധി യു.ഡി.എഫിന് അനുകൂലമായി വന്നെങ്കിലും യാദൃശ്ചികം എന്നതിനപ്പുറം അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം ഉണ്ടായതായി വിശ്വസിക്കുന്നവർ ആരും മണ്ഡലത്തിലില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ വോട്ടർമാർ പതിറ്റാണ്ടുകളായി യു.ഡി.എഫിനൊപ്പം തന്നെയാണ് നിലയുറക്കുന്നത്. കൊല്ലം ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി നിയമസഭ മണ്ഡലം പുനർവിഭജനത്തിന്റെ ഭാഗമായി 2004ലാണ് ആലപ്പുഴ ചേർന്നത്. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ മാറിമാറി വന്നിരുന്ന ആലപ്പുഴ മണ്ഡലത്തിൽ കരുനാഗപ്പള്ളിയുടെ വരവ് പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടാക്കിയില്ല. കരുനാഗപ്പള്ളി ആലപ്പുഴയോട് ചേർന്നതിനുശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കെ.എസ്. മനോജ് യു.ഡി.എഫ് സ്ഥാനാർഥി വി.എം. സുധീരനെ 11586 വോട്ടിന് പരാജയപ്പെടുത്തി ലോക്സഭയിലെത്തി. 2009ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കെ.എസ്. മനോജ് 60014 വോട്ടും എൻ.ഡി.എ സ്ഥാനാർഥി സോണി ജെ. കല്യാൺകുമാർ 2713 വോട്ടും നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ 63024 വോട്ട് നേടി മണ്ഡലം തിരിച്ചുപിടിച്ചു.
2014 ലെ തെരഞ്ഞെടുപ്പിലും കരുനാഗപ്പള്ളി യു.ഡി.എഫിനൊപ്പം നിലകൊണ്ടു. 2019ൽ ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചെങ്കിലും കരുനാഗപ്പള്ളി 4119 വോട്ടിന്റെ ഭൂരിപക്ഷം നൽകി യു.ഡി.എഫിനൊപ്പം നിന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിന് 59184 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് 63303 വോട്ടും ബി.ജെ.പി സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണന് 34098 വോട്ടും ലഭിച്ചു.
2011ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി. ദിവാകരന് യു.ഡി.എഫ് സ്ഥാനാർഥി എ.എൻ. രാജൻബാബുവിനേക്കാൾ 14522 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തുടർന്ന് 2016ൽ ആർ. രാമചന്ദ്രൻ മത്സരിച്ചപ്പോൾ 2011ൽ എൽ.ഡി.എഫിനുണ്ടായിരുന്ന ഭൂരിപക്ഷത്തിൽ 12763 വോട്ടിന്റെ കുറവുണ്ടായി. ആർ. രാമചന്ദ്രന് 69902 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷിന് 68143 വോട്ടും എൻ.ഡി.എ സ്ഥാനാർഥി വി. സദാശിവന് 19115 വോട്ടും ലഭിച്ചു.
2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 30123 വോട്ടിന്റെ വൻ ഭൂരിപക്ഷം നേടി സി.ആർ. മഹേഷ് മണ്ഡലം തിരിച്ചുപിടിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ആർ. രാമചന്ദ്രന് 62400 വോട്ടും ബി.ജെ.പി സ്ഥാനാർഥി ബിറ്റി സുധീറിന് 11831 വോട്ടും ലഭിച്ചപ്പോൾ മഹേഷിന് 92523 വോട്ടാണ് ലഭിച്ചത്. നിലവിലെ എം.പി എ.എം. ആരിഫിന് മണ്ഡലം നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. വിധി തങ്ങൾക്ക് അനുകൂലമായി വരുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് യു.ഡി.എഫ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടിങ് നില തൃപ്തികരമായ രീതിയിൽ മെച്ചപ്പെടുത്തിയ ശോഭ സുരേന്ദ്രനാണ് ബി.ജെ.പിക്ക് വേണ്ടി ജനവിധി തേടുന്നത്. പരസ്യ പ്രചാരണങ്ങളിൽ ഇടത് വലതു മുന്നണികൾക്കൊപ്പം ബി.ജെ.പി എത്തുന്നുണ്ടെങ്കിലും മണ്ഡലത്തിന്റെ മനസ്സ് ബി.ജെ.പി ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ പൊതുവിലില്ല.
സമുദായപരമായി ഈഴവ വിഭാഗം കരുനാഗപ്പള്ളിയിൽ ഒന്നാം സ്ഥാനത്തും, മുസ്ലിം വിഭാഗം രണ്ടാംസ്ഥാനത്തുമാണുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ സമുദായപരമായ ഭൂരിപക്ഷം വിധിയെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.