കരുനാഗപ്പള്ളി: തെരുവു നായുടെ കടിയേറ്റ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യ സഹായം നിഷേധിച്ചതായി പരാതി. കടിയേറ്റ കുട്ടിയെ ആദ്യം ചവറ ടൈറ്റാനിയം ജങ്ഷനിലുള്ള ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മൂന്നു മണിക്കൂറോളം ചികിത്സ നല്‍കാതിരിക്കുകയും കുത്തിവെപ്പിനുള്ള മരുന്നില്ലെന്ന പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് പരാതി. ആലപ്പുഴ എത്തും മുമ്പേ കുട്ടിയുടെ സ്ഥിതി വഷളാകുമെന്ന മനസ്സിലാക്കിയ പിതാവ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കുകയായിരുന്നു.
പന്മന വടക്കുംതല പറമ്പില്‍ മുക്ക് സ്വദേശിനിയും പനയന്നാർകാവ് എസ്.വി.പി.എം.എച്ച്.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ ഉഷാ മന്ദിരത്തിൽ അനിൽ-ശ്രീജ ദമ്പതികളുടെ മകൾ റിയ അനിലിനാണ് തെരുവ് നായുടെ കടിയേറ്റത്.
കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ സ്കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്തുനിന്ന് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് കുട്ടിയുടെ കാലില്‍ നായ് കടിച്ചത്. ബഹളം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പേവിഷ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കാത്ത നടപടിക്കെതിരെ പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്കി.
മാസങ്ങള്‍ക്ക് മുമ്പ് വടക്കുംതല പറമ്പില്‍ മുക്കില്‍ തെരുവ് നായ്ക്കൾ വാഹനത്തിന് പിന്നാലെ പാഞ്ഞതിനെ തുടർന്ന് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന പന്മന ചോല പുതുവിളയില്‍ നിസ്സാര്‍ മരിച്ചിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം ഈ പ്രദേശത്ത് വര്‍ധിക്കുന്നെങ്കിലും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല എന്ന് വ്യാപക പരാതിയാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.