കരുനാഗപ്പള്ളി: തൊഴില്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ എന്‍.ജി.ഒ യൂനിയന്‍ നേതാവിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പന്മന ഗ്രാമപഞ്ചായത്തിലെ ഫുൾ ടൈം സ്വീപ്പറും എന്‍.ജി.ഒ യൂനിയന്‍ ജില്ല കൗൺസിൽ അംഗവുമായ വവ്വാക്കാവ് ചങ്ങന്‍കുളങ്ങര ‘ശാസ്ത്ര’യിൽ വി. വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പന്മന പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റേതാണ് നടപടി.
വിനോദും രണ്ട് സുഹൃത്തുക്കളും ശൂരനാട് തെക്ക് ഇഞ്ചക്കാട് രേവതി നിലയത്തില്‍ രവിനാഥന് പിള്ളയുടെ മകന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സബ്ഗ്രൂപ് ഓഫിസറായി ജോലി നല്‍കാമെന്നു കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പരാതി.
വിനോദിന്റെ സുഹൃത്തുക്കളായ കരുനാഗപ്പള്ളി കുലശേഖരപുരം മാധവത്ത് വീട്ടില്‍ രാജേഷ് കുമാര്‍, തിരുവല്ല കുരിയന്നൂര്‍ തുണ്ടില്‍ വീട്ടില്‍ ഓമനക്കുട്ടന് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 35 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഇതില്‍ അഞ്ചുലക്ഷം വീതം ബാങ്ക് അക്കൗണ്ട് വഴി നല്കി ബാക്കി തുക നിയമനശേഷം നല്‍കാമെന്ന് സമ്മതിച്ചു.
എന്നാല്‍, നിയമന ലിസ്റ്റില്‍ പേരില്ലാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്ന് രവിനാഥന് പിള്ള ശൂരനാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയി.
വിനോദ് മുമ്പ് ജോലി ചെയ്തിരുന്ന ഓച്ചിറ പഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടു നോട്ടീസ് നല്കി പണം വാങ്ങിയതിനു ഇയാള്‍ക്കെതിരെ നടപടിയെടുക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഹാജര്‍ പുസ്തകത്തില്‍ തിരിമറി നടത്തിയതിനു വിജിലന്‍സ് അന്വേഷണവും ഇയാള്‍ നേരിടുകയാണ്. കുലശേഖരപുരം പഞ്ചായത്തില്‍ ജോലി നോക്കവെ ജീവനക്കാരെയും പൊതുജനങ്ങളെയും ശല്യം ചെയ്തതിനും പരാതി നിലവിലുണ്ട്. രാഷ്ട്രീയ സമ്മര്‍ദമാണ് ഇയാളുടെ അറസ്റ്റ് വൈകുന്നതിന് കാരണമെന്നും പരാതി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.