കരുനാഗപ്പള്ളി: തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനെ തുടർന്ന് പ്രതിസന്ധി രൂപപ്പെട്ടു. വേലിയേറ്റത്തെ തുടർന്ന് തീരമേഖലയോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിലേക്ക് ദേശീയ ജലപാതയായ ടി.എസ് കനാലിൽ നിന്ന് ഉപ്പുവെള്ളം കയറി കൃഷിയും മറ്റും നശിക്കുകയാണ്.
നിരവധി വീടുകളിലേക്കും കിണറുകൾ ഉൾപ്പെടെ കുടിവെള്ള സ്രോതസ്സുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഉപ്പുവെള്ളം ശക്തമായി അടിച്ചുകയറുന്നുണ്ട്. ആലുംകടവ് ഒന്നാം ഡിവിഷനിലെ മണ്ണേൽകടവ് ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ചീപ്പ് നശിച്ചതോടെ ഇതുവഴി കിഴക്കൻ മേഖലകളിലേക്ക് വ്യാപകമായി ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണുള്ളത്. ആലുംകടവ് മാർക്കറ്റിന് സമീപത്തായുള്ള തോട് വഴിയും ഉപ്പുവെള്ളം കയറുകയാണ്. മണ്ണേൽകടവിൽ സി.പി.എം പ്രവർത്തകർ വെള്ളം കയറുന്നത് തടയുന്നതിന് താൽക്കാലിക ചീപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്ഥിരം സംവിധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യൂനിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചീപ്പ് നിർമിക്കാൻ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം ലോഡ്സ് പബ്ലിക് സ്കൂളിന് സമീപത്തും പള്ളിക്കലാർ വഴി ഉപ്പുവെള്ളം കയറി നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. ഇവിടെ സൈഡ് വാൾ കെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതി അനുവദിച്ചിരുന്നെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. കുലശേഖരപുരം, ക്ലാപ്പന തുടങ്ങിയ പഞ്ചായത്തുകളുടെ തീരെ മേഖലകളിലും ഉപ്പുവെള്ളം കയറുന്ന പ്രശ്നം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.