കൊല്ലം: സംസ്ഥാന ബജറ്റിലൂടെ വിലക്കയറ്റത്തിന്റെ എല്ലാ സൂചകങ്ങളും മുകളിലേക്കാകുമെന്ന ആശങ്കക്കിടയിലും വിവിധ പദ്ധതികളിലൂടെ കൊല്ലത്തിന് പ്രതീക്ഷയുടെ ഇത്തിരിവെട്ടം. മത്സ്യബന്ധന മേഖലക്കായി പ്രഖ്യാപിച്ച വിവിധ പദ്ധതികൾ ആശ്വാസമാകുമ്പോൾ കശുവണ്ടി മേഖലക്ക് വൻ പ്രഖ്യാപനങ്ങളില്ലെന്നകുറവുണ്ട്.
കൊല്ലത്തിന്റെ ചരിത്രത്തെ ചേർത്തുപിടിച്ചുള്ള പ്രഖ്യാപനങ്ങളും ടൂറിസം മാപ്പിൽ ഇടം നൽകാനുതകുന്ന പദ്ധതികളും യാഥാർഥ്യമായാൽ ജില്ലക്ക് വലിയ ഉണർവേകുമെന്നതാണ് പ്രതീക്ഷ നൽകുന്ന ഘടകം. പ്രഖ്യാപനങ്ങൾ പലതും ബജറ്റ് പേപ്പറിൽ ഒതുങ്ങുന്നുവെന്ന മുൻ അനുഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന പ്രത്യാശയിലാണ് ജില്ല ഈ ബജറ്റിനെ കാണുന്നത്.
ജില്ലയിലെ കിഴക്കൻ മേഖലയിലെ ജനതക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കാനും റാപ്പിഡ് റെസ്പോൺസ് ടീമുകൾ താൽക്കാലികമായി രൂപവത്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 30.85 കോടി ഉൾപ്പെടെ വിവിധ പ്രദ്ധതികൾക്കായി 50.85 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
ജില്ലയിൽ ആര്യങ്കാവ്, കുളത്തൂപ്പുഴ, തെന്മല മേഖലകളിൽ നിരന്തരം വന്യജീവി ആക്രമണം നേരിടുന്ന ജനതക്ക് പ്രതീക്ഷയാണ് ഈ പ്രഖ്യാപനം.
അരുമ മൃഗങ്ങൾക്കുള്ള തീറ്റ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളിലൊന്ന് ജില്ലയിൽ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. കാസർകോടും കൊല്ലത്തും സ്ഥാപിക്കുന്ന ഫാക്ടറികൾക്കായി നാലു കോടിയാണ് വകയിരുത്തൽ.
എക്സ്പീരിയൻഷ്യൽ വിനോദ സഞ്ചാരത്തിനായി ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലൊന്നായി അഷ്ടമുടിക്കായലും ബജറ്റിൽ ഇടംപിടിച്ചു. ടൂറിസം ഇടനാഴിയാക്കി മാറ്റാനുള്ള പദ്ധതിക്കായി 50 കോടിയാണ് അനുവദിക്കുന്നത്.
സംസ്ഥാനത്തെ കോർപറേഷനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയിലൂടെ കൊല്ലം നഗരത്തിന്റെ മുഖം മിനുക്കാനും സഹായം ലഭിക്കും. പൈതൃക മേഖലകളുടെയും പരിസരങ്ങളുടെയും സംരക്ഷണം, കാൽനട യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പൊതുസ്ഥലങ്ങളും വിനോദ സഞ്ചാര സ്ഥലങ്ങളും സജ്ജമാക്കൽ, ശുചിത്വം മെച്ചപ്പെടുത്തൽ എന്നിവക്കാണ് സഹായം ലഭിക്കുക.
ആകെ 300 കോടിയുടെ പദ്ധതിയുടെ ആദ്യ വർഷം 100 കോടിയാണ് സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്കായി അനുവദിക്കുക. കൊല്ലം നഗരത്തിൽ തന്നെയുള്ള തങ്കശ്ശേരി വിളക്കുമാടം, കോട്ട, പീരങ്കി മൈതാനം ഉൾപ്പെടെ പൈതൃക മേഖലകൾക്ക് സംരക്ഷണമൊരുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
പൗരാണിക വ്യാപാര കേന്ദ്രം എന്ന നിലയിൽ ചരിത്രത്തിൽ കൊല്ലത്തിനുള്ള പങ്ക് എടുത്തു പറയുന്നുണ്ട് ബജറ്റിൽ. ചൈനീസ്, അറബ്, പോർചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികൾ കൊല്ലവുമായി വ്യാപാരം നടത്തിയിരുന്നതും സൂചിപ്പിക്കുന്നു. ഈ ചരിത്രം ഉൾക്കൊള്ളുന്ന മ്യൂസിയവും ഒപ്പം ഓഷ്യനേറിയവും കൊല്ലത്തിന് സ്വന്തമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ്.
കച്ചവട പാരമ്പര്യത്തിന്റെ കഥയേറെ പറയാനുള്ള തങ്കശ്ശേരിയിലാണ് മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിക്കായി 10 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലയുടെ ടൂറിസം മുന്നേറ്റത്തിന് ഗുണകരമാകുന്നതാകും ഈ പദ്ധതി.
സമര ചരിത്രത്തിന്റെ ഉജ്വലസ്മരണകൾ പേറുന്ന കൊല്ലത്തെ പീരങ്കി മൈതാനത്തിന് അംഗീകാരമർപ്പിച്ച് ബജറ്റ് പ്രഖ്യാപനം. നവോത്ഥാന ചരിത്രത്തിലെ സമുജ്വല ഏടായ 1915ലെ കല്ലുമാല സമരചരിത്രമാണ് പീരങ്കി മൈതാനത്തിനെ ഇത്തവണ ബജറ്റിൽ എത്തിച്ചത്.
അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലും മാലയും ബഹിഷ്കരിക്കാൻ ആഹ്വാനം നടന്ന മണ്ണിനെ കല്ലുമാല സമര മൈതാനമായി സംരക്ഷിക്കും. മൈതാനത്ത് കല്ലുമാല സ്ക്വയറും സ്ഥാപിക്കും. അഞ്ച് കോടിയാണ് ഇതിന് വകയിരുത്തിയത്.
ഏതൊരു ബജറ്റ്കാലവും കൊല്ലത്തിന്റെ പരമ്പരാഗത വ്യവസായമേഖല ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത്തവണ കശുവണ്ടി മേഖലക്ക് 30 കോടി പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷത്തേതിന് സമാനമാണ്. കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സിനും ആധുനികവത്കരണത്തിനുള്ള പ്രത്യേക പദ്ധതി, കാഷ്യു ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടായി 43.55 കോടി, കശുമാവ് കൃഷി വികസന ഏജന്‍സിക്ക് 7.20 കോടി എന്നീ നിലയില്‍ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ കയര്‍ വ്യവസായത്തിന് 117 കോടി, ഖാദി ഗ്രാമവ്യവസായത്തിന് 16.10 കോടി, കൈത്തറി വ്യവസായത്തിന് 56.40 കോടി എന്നീ നിലയില്‍ വകയിരുത്തിയിട്ടുള്ളതിനാല്‍ ഈ രംഗങ്ങളിലും ജില്ലക്ക് നല്ല നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കൊല്ലം തുറമുഖ വികസനത്തിന് പ്രതീക്ഷയുടെ വഴി തുറക്കുന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കായി 40.50 കോടി വകയിരുത്തിയ അഞ്ച് തുറമുഖങ്ങളിലൊന്ന് കൊല്ലമാണ്. കൊല്ലം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് കൊച്ചുപിലാംമൂട് ജങ്ഷനിൽ പുതിയ പാലത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണത്തിനും നവീകരണത്തിനും ആലപ്പാട് അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണത്തിനുമായി നബാർഡ്-ആർ.ഐ.ഡി.എഫ് വായ്പ സഹായത്തോടെ 20 കോടിയുമുണ്ട്. നീണ്ടകര യാൺ ട്വിസ്റ്റിങ് ആൻഡ് നെറ്റ് ഫാക്ടറി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ അഞ്ച് കോടി ഫിഷറീസ് വകുപ്പിന് നൽകും എന്നതും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ്.
ജിയോ ട്യൂബ് സ്ഥാപിച്ച് കൊല്ലം തീരം സുരക്ഷിതമാക്കാൻ പദ്ധതിയുമായി സർക്കാറിനെ സമീപിക്കാൻ ഒരുങ്ങുന്ന കൊല്ലം കോർപറേഷന് സന്തോഷിക്കാനുള്ള വക ബജറ്റിലുണ്ട്. തീരസംരക്ഷ പ്രവൃത്തികൾക്കായി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കായി 15 കോടിയാണ് പ്രഖ്യാപിച്ചത്. കോർപറേഷൻ 10 കോടിയുടെ പദ്ധതിയാണ് തയാറാക്കുന്നത്.
മത്സ്യ ബന്ധന മേഖലക്കായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഉൾനാടൻ മത്സ്യബന്ധനം ഉൾപ്പെടെ പരിഗണിക്കപ്പെട്ടത് ജില്ലക്ക് ഗുണകരമാണ്. വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിയിൽ കൊല്ലത്തെ ജലപാതയും കൂടി ഭാഗമാകും. ഉൾനാടൻ ജലഗതാഗതത്തിന് 141.66 കോടി വകയിരുത്തിയതിലും കൊല്ലത്തിന് നേട്ടമുണ്ടാകും. ചെലവ് കുറഞ്ഞ നിർമാണ മാര്‍ഗങ്ങളുപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് നിർമിക്കുന്നതിനുള്ള 20 കോടിയില്‍ കൊട്ടാരക്കരയും ഉള്‍പ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.