കൊല്ലം: അഞ്ചുദിവസത്തെ അവിസ്മരണീയ പകലിരവുകൾ വിടപറഞ്ഞപ്പോൾ കൊല്ലംനഗരത്തിന് അവശേഷിച്ചത് കരൾ പറിച്ചെടുക്കുന്ന നോവ്. ഒന്നരപതിറ്റാണ്ടിനുശേഷം ആശങ്കയോടെ ഇവിടേക്ക് എത്തിയ 62ാമത് സംസ്ഥാന സ്കൂൾ കലോത്സവം സമൃദ്ധവും ഉൗഷ്മളവുമായ ഓർമ സമ്മാനിച്ചാണ് അവസാനിച്ചത്. കൗമാരവും യൗവനവും കൈകോർത്ത സാംസ്കാരികോത്സവം കേരളം മുഴുവൻ കൊല്ലം നഗരത്തിൽ നിറഞ്ഞ പ്രതീതിയാണ് സൃഷ്ടിച്ചത്. സംഘാടനമികവിന്റെ കാര്യത്തിലും കൊല്ലം കലോത്സവം ഒരുപടി മുന്നിൽനിന്നു.
റെക്കോഡ് ജനക്കൂട്ടമാണ് പ്രധാനവേദിയിലടക്കം ഒഴുകിയെത്തിയത്. അഞ്ചുലക്ഷത്തിലധികം പേർ മേള കാണാനെത്തിയെന്നാണ് പൊലീസിന്റെ കണക്ക്. സമാപനസമ്മേളനം നടന്ന ആശ്രാമം മൈതാനിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ കോഴിക്കോട് കലോത്സവത്തിനെ ചൂഴ്ന്നുനിന്ന ഭക്ഷണവിവാദം ഇത്തവണ കൊല്ലത്തെ രുചിയിടത്തിന്റെ പരിസരത്ത് പോലും വന്നില്ല. പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഭക്ഷണമൊരുക്കിയപ്പോൾ, ഭക്ഷണവിതരണം പരാതി രഹിതമായി. 25 ലക്ഷം രൂപയാണ് സർക്കാർ ഭക്ഷണത്തിനായി അനുവദിച്ചത്. എന്നാൽ, 40 ലക്ഷം ചെലഴിക്കപ്പെട്ടു. ബാക്കി തുക ഭക്ഷണകമ്മിറ്റി സമാഹരിച്ചു.
സംസ്ഥാന കലോത്സവത്തിൽ അപൂർവതയായി കോരിച്ചൊരിഞ്ഞ മഴ വെല്ലുവിളിയാവാതെ മറികടക്കാൻ സാധിച്ചു. നൂറുകണക്കിന് കുട്ടികൾ ദിനംപ്രതി കുഴഞ്ഞുവീണ വേദികളിൽ നിസ്വാർഥ സേവനവുമായി ആരോഗ്യസംഘവും കൊല്ലത്തിന്റെ യശസ്സുയർത്തി. 24 വേദികളിലായി 12500 ഓളം പ്രതിഭകളാണ് മത്സരിച്ചത്. കലോത്സവ പ്രതിഭകൾ ജീവിതത്തിലേക്ക് കടക്കുമ്പോൾ കലോപാസനകൾ മറന്നുകളയുന്നതിന് പരിഹാരമുണ്ടാകണമെന്ന ചർച്ച വലിയതോതിൽ ഉയർന്നതും ഈ കലോത്സവത്തിന്റെ സവിശേഷതയായി. അതിന് പ്രത്യേക സംവിധാനം ഉണ്ടാകുമെന്നും പണം തടസ്സമാകിെല്ലന്നും ധനമന്ത്രിയും ഊന്നിപ്പറഞ്ഞു.
എല്ലാ മത്സരവും തീരുന്നത് നീളുന്നതിലെ ആശങ്കക്ക് ഇക്കുറിയും പരിഹാരമായില്ല. അപ്പീലുകളുടെ എണ്ണം ഇക്കുറിയും വർധിച്ചതാണ് കാരണം. എല്ലാ വർഷവും പറയുന്നപോലെയല്ല മാന്വൽ പരിഷ്കരണം അടുത്തതവണ ഉറപ്പാെണന്ന് മന്ത്രി ശിവൻകുട്ടി സമാപനയോഗത്തിലും പറഞ്ഞു. അടുത്ത കലോത്സവവേദി പ്രഖ്യാപിക്കാതിരുന്നതും അതുകൊണ്ടാെണന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരുപാട് അധ്യാപകരുടെയടക്കം വിയർപ്പിന്റെയും സഹനത്തിന്റെയും ആകത്തുകയായ മേള മനോഹര അനുഭവമാക്കുന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അടക്കം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സേവനം എടുത്തുപറയാതിരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.