കൊല്ലം: ഖനനം നടത്തിയ വളക്കൂറില്ലാതെകിടന്ന ഭൂമിയിൽ പച്ചപ്പിന്റെ തുരുത്തൊരുങ്ങുന്നു. ചവറ കെ.എം.എം.എല്ലിൽ ഖനനം കഴിഞ്ഞ് ഉപയോഗശൂന്യമായ സ്ഥലമാണ് പച്ചത്തുരുത്തായി രൂപംമാറുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഖനനഭൂമിയെ ഹരിതാഭമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ആരംഭിക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിൽ 30 ഏക്കർ സ്ഥലത്താണ് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുന്നത്. വളക്കൂറ് തീരെയില്ലാതിരുന്ന മണ്ണിൽ വളം, ചകിരിച്ചോറ്, കരിയില എന്നിവ ചേര്‍ത്ത് പാകപ്പെടുത്തിയാണ് തൈകള്‍ നട്ട് പച്ചത്തുരുത്ത് ഒരുക്കുന്നത്. പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആൻഡ് റിസര്‍ച് ഇന്‍സ്റ്റിട്യൂട്ടിലെ വിദഗ്ധര്‍ പഠനം നടത്തിയാണ് അനുയോജ്യമായ വൃക്ഷത്തൈകള്‍ പദ്ധതിക്കായി തെരഞ്ഞെടുത്ത്.
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളാണ് ഇതിലേറയും. ഒപ്പം സംസ്ഥാന കശുവണ്ടി വികസന ഏജന്‍സിയില്‍ നിന്നും പ്രദേശത്തിന് അനുയോജ്യമായ അത്യുല്‍പ്പാദനശേഷിയുള്ള കശുമാവിന് തൈകളും വിവിധയിനം നാട്ടുമരങ്ങളുടെ തൈകളും വെച്ചുപിടിപ്പിക്കും.
ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി പി. രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ പ്രതിരോധിക്കാനും പരിസ്ഥിതി പുനഃസ്ഥാപനവും ലക്ഷ്യമിട്ടാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.