കൊല്ലം: ലോക്സഭ മണ്ഡലത്തിലെ എല്ലാ റെയില്‍വേ ക്രോസുകളിലും മേൽപാലം നിർമിക്കാൻ റെയിൽവേ അനുമതി. എം.എല്‍.എമാരുടെയും റെയില്‍വേയുടെയും മേൽപാല നിർമാണചുമതലയുള്ള സംസ്ഥാന ഏജന്‍സിയുടെയും ഉന്നതതല യോഗശേഷം എന്‍.കെ. പ്രേമചന്ദ്രന് എം.പിയാണ് ഇക്കാര്യം അറിയിച്ചത്.
കുണ്ടറയിലെ പള്ളിമുക്ക്, ഇളമ്പള്ളൂര്‍, മുക്കട എന്നീ മേൽപാലങ്ങളുടെ നിർമാണമടക്കം യോഗം ചര്‍ച്ച ചെയ്തു. കുണ്ടറ പള്ളിമുക്കിലെ മേല്‍പാല നിർമാണത്തിന് സാങ്കേതിക തടസ്സം ഉണ്ടായിരുന്നത് ഹരിഹരിച്ചു. സംസ്ഥാന സർക്കാർ വിവിധ ഏജന്‍സികളെ നിർമാണ ചുമതല ഏൽപിച്ചതാണ് പ്രവൃത്തി വൈകാൻ കാരണമെന്നും പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ ഇടപെടലിൽ ഏക ഏജന്‍സിയായി ആർ.ബി.ഡി.സി.കെയെ നിശ്ചയിച്ചതായും എം.പി പറഞ്ഞു. പ്രദേശത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് തുടർനടപടി ത്വരിതപ്പെടുത്താന്‍ ധാരണയായി.
കുണ്ടറ ഇളമ്പള്ളൂര്‍, കുണ്ടറ മുക്കട മേല്‍പാല നിർമാണത്തിന് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. കേരളപുരം ചന്ദനതോപ്പ് റെയില്‍വേ ഗേറ്റുകളിലും മേൽപാലത്തിനുള്ള അനുമതി റെയില്‍വേ നല്കി.
ഇരവിപുരം മേൽപാലത്തിന്റെ റെയില്‍വേയുടെ ഭാഗത്തെ നിർമാണം അന്തിമഘട്ടത്തിലാണ്. മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സംസ്ഥാന ഏജന്‍സിക്കാണ് അപ്രോച്ച് റോഡുകളുടെയും അനുബന്ധ പ്രവര്‍ത്തികളുടെയും ചുമതല.
കല്ലുംതാഴം റയില്‍വേ മേൽപാലത്തിനും അംഗീകരമായി. ഭൂമി ഏറ്റെടുക്കലും അപ്രോച്ച് റോഡിന്റെ എസ്റ്റിമേറ്റും സമര്‍പ്പിക്കുന്ന മുറക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
പോളയത്തോട് റെയില്‍വേ മേൽപാലം പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ മുഴുവന്‍ ചെലവും റെയില്‍വേ നിര്‍വഹിക്കും. കൂട്ടിക്കട മേൽപാലത്തിന്റെ പദ്ധതി രേഖയും അംഗീകരിച്ചു.
ചാത്തന്നൂര്‍ ഒലാലിലും മേൽപാലം വരും. മയ്യനാട് മേല്‍പാലത്തിന്റെ നിർമാണ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. റെയില്‍വേ ഇലക്ട്രിക്കല്‍ സിഗ്നല്‍ ടെലികമ്യൂണിക്കേഷന്‍ എസ്റ്റിമേറ്റ് അംഗീകരിക്കുന്ന നടപടി ഊര്‍ജ്ജിതപ്പെടുത്തണമെന്ന് എം. നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, എം. നൗഷാദ്, റെയില്‍വേ ചീഫ് എന്‍ജിനീയര്‍ മുരാരിലാല്‍, മധുര ഡിവിഷന് എ.ഡി.ആര്.എം എല്‍.എന്‍. റാവു, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചന്ദ്രുപ്രകാശ്, എക്സിക്യൂട്ടിവ് എൻജീനീയര്‍ എസ്. ഷണ്മുഖം, റോഡ് ഫണ്ട് ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.ആര്. നിശ, പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ടി.രേഷ്മ, ആർ.ബി.ഡി.സി.കെ പ്രോജക്ട് എന്‍ജിനീയര്‍ മുഹമ്മദ് അല്‍ത്താഫ്, കേരള റെയില്ഡവലപ്പ്മെന്റ് കോര്പറേഷന് എൻജിനീയര്‍ ശ്രീനാഥ് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.