കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ വിവിധ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിവിധ കെട്ടിടങ്ങളുടെ പ്രാരംഭ നിർമാണ ജോലികൾ വേഗത്തിലാക്കിയിട്ടുണ്ട്. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാനുള്ള നിർദേശമാണ് കരാറുകാർക്ക് നൽകിയിട്ടുള്ളത്.
എൻ.എസ്.ജി- മൂന്ന് എന്ന കാറ്റഗറിയിലാണ് സ്റ്റേഷനെ ഉൾപ്പെടുത്തി നവീകരണം നടത്തുന്നത്. റെയിൽവേയുടെ കണക്കുകൾ പ്രകാരം കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ സ്റ്റേഷനാണ് കൊല്ലം. ഒരു വർഷം 1.6 കോടി പേരും പ്രതിദിനം 47,000 പേരും സ്റ്റേഷൻ വഴി സഞ്ചരിക്കുന്നു എന്നാണ് ശരാശരി കണക്ക്.
യാത്രക്കാരുടെ എണ്ണത്തിൽ അനുദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് സ്റ്റേഷൻ വികസനത്തിന് റെയിൽവേ നടപടികൾ ആരംഭിച്ചത്. നിർമാണം പൂർത്തീകരിക്കുമ്പോൾ കേരളത്തിന്റെ വികസനത്തിലും അതൊരു നാഴികക്കല്ലാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഷനിൽ ഏർപ്പെടുത്തുന്ന വിധമാണ് മാസ്റ്റർ പ്ലാൻ.
പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള എല്ലാ അനുമതികളും ലഭ്യമായിട്ടുണ്ട്. സൈറ്റിന്റെ ടോപ്പോഗ്രാഫിക്കൽ സർവേ, ഡ്രോൺ സർവേ, മണ്ണ് പര്യവേക്ഷണം, മാസ്റ്റർ പ്ലാൻ അംഗീകാരം എന്നിവ പൂർത്തിയായി. നിലവിൽ ഉണ്ടായിരുന്ന ഓഫിസ് കെട്ടിടങ്ങൾ പൊളിച്ചു.
സൈറ്റ് ഓഫിസ്, ലബോറട്ടറി സംവിധാനം, ശേഖരണ സംവിധാനം എന്നിവയും ഏർപ്പെടുത്തി. ഗാങ് റെസ്റ്റ് റൂമിന്റെ നിർമാണം പൂർത്തീകരിച്ച് കമീഷനിങ് നടത്തി. ഇതുമായി ബന്ധപ്പെട്ട ഓഫിസ് നിർമാണത്തിന്റെ ഘടനാപരമായ ജോലികളും പൂർത്തിയായി. സർവിസ് ബിൽഡിങ്ങിന്റെ ആദ്യനിലയുടെ സ്ലാബ് നിർമാണം കഴിഞ്ഞു. 217 പൈലുകൾ ഉള്ള മൾട്ടി ലെവൽ പാർക്കിങ് സെന്ററിന്റെ 200 പൈലുകൾ പൂർത്തിയായി.
സബ് സ്റ്റേഷൻ നിർമാണം അടിസ്ഥാന ഘട്ടത്തിലാണ്. പ്ലാറ്റ്ഫോം ഒന്ന്, നാല്, അഞ്ച് എന്നിവിടങ്ങളിൽ കാൽനട മേൽപാലത്തിന്റെ അടിസ്ഥാനമൊരുക്കൽ പുരോഗമിക്കുന്നു. സൗത്ത് ടെർമിനലിന്റെയും പാർസൽ ഓഫിസിന്റെയും അടിസ്ഥാനം സംബന്ധിച്ച രൂപരേഖ തയാറാക്കലടക്കം ഉടൻ പൂർത്തിയാവും. 2022 ആഗസ്റ്റ് 22നാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് നിർമാണ കരാർ നൽകിയത്.
361.18 കോടി രൂപയാണ് കരാർ തുക. ന്യൂഡൽഹി ആസ്ഥാനമായ കമ്പനിക്കാണ് നിർമാണവുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്റ് സർവിസ് കരാർ. ഇതിന്റെ കരാർ തുക 7.94 കോടി രൂപയാണ്. 39 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. നിർമാണജോലികളുടെ മേൽനോട്ടവും മറ്റ് ഉത്തരവാദിത്തങ്ങളും ന്യൂഡൽഹിയിലെ സ്ഥാപനത്തിൽ നിക്ഷിപ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.